പറവൂരിൽ സ്വർണക്കവർച്ച; വീട്ടിൽ കയറി നാല് പവൻ മോഷ്ടിച്ചു, അയൽവാസി പിടിയിൽ

വീട്ടിൽ ആളില്ലാത്തപ്പോൾ പിൻവശത്തെ വാതിലിലൂടെയാണ് പ്രതി അകത്ത് കടന്നത്

Update: 2024-11-28 16:07 GMT

കൊച്ചി: പറവൂരിൽ വീട്ടിൽ നിന്ന് 4.75 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. നന്ത്യാട്ടുകുന്നം നികത്തിൽ ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ നിന്നാണ് ഇന്നലെ വൈകീട്ട് സ്വർണാഭരണങ്ങൾ മോഷണം പോയത്. അയൽവാസി നികത്തിൽ സജീവ് (55) ആണ് പൊലീസ് പിടിയിലായത്. 

അർബുദ ബാധിതനായ ഉണ്ണികൃഷ്ണനും ഭാര്യ കൈരളിയും മാത്രമാണ് വീട്ടിൽ താമസം. സംഭവം നടക്കുമ്പോൾ ജോലിക്ക് പോയതിനാൽ കൈരളി വീട്ടിലുണ്ടായിരുന്നില്ല. വൈകീട്ട് തൊട്ടടുത്ത കടയിൽ ചായ കുടിക്കാൻ പോയതിനാൽ ഉണ്ണികൃഷ്ണനും വീട്ടിലില്ലായിരുന്നു. ഈ തക്കം നോക്കി വീടിൻ്റെ പിൻവശത്തെ വാതിലിലൂടെയാണ് പ്രതി അകത്ത് കടന്നത്.  

Advertising
Advertising

അലമാരയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. എന്നാൽ അലമാര പൂട്ടിയിരുന്നില്ല. ഇന്ന് രാവിലെ ഉണ്ണികൃഷ്ണൻ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ കളവുപോയ വിവരം അറിഞ്ഞത്. ഉടനെ ഭാര്യ കൈരളി പറവൂർ പൊലീസിൽ പരാതി നൽകി. 

ആഭരണങ്ങൾ മോഷ്ടിച്ച ശേഷം അത്താണിയിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്ന് പറവൂരിലെ ഒരു ജ്വല്ലറിയിൽ സ്വർണം വിൽക്കാനായി സജീവ് കൊണ്ടുപോയ വിവരം ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് പൊലീസ് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണം വിൽപ്പന നടത്തിയ ജ്വല്ലറിയിൽ പ്രതിയെ എത്തിച്ച് പരിശോധന നടത്തുകയും ചെയ്തു. വഞ്ചി നിർമാണ തൊഴിലാളിയായ സജീവ് മാസങ്ങൾക്ക് മുമ്പാണ് നന്ത്യാട്ടുകുന്നത്ത് സ്ഥിരതാമസമാക്കിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News