'നന്ദി പഴയിടം സാർ... ഒരു പരാതി പോലുമില്ലാതെ സ്നേഹം കൊണ്ട് അവരുടെ മനസും വയറും നിറച്ചതിന്'

ഒരു പരാതിപോലും പറയാനില്ലാതെ നന്ദി പറഞ്ഞ് വന്നവർ മടങ്ങിപ്പോകുമ്പോൾ സത്യത്തിൽ നിറഞ്ഞത് എന്റെ മനസ്സായിരുന്നു

Update: 2023-03-03 07:54 GMT
Editor : Jaisy Thomas | By : Web Desk

പഴയിടത്തിനൊപ്പം ഗോപിനാഥ് മുതുകാട്

Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന സമ്മോഹന്‍ കലാമേളയില്‍ ഇഷ്ട വിഭവങ്ങള്‍ ഒരുക്കിയ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് നന്ദി പറഞ്ഞ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. മൂന്ന് ദിനരാത്രങ്ങളിൽ രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരെ ഊട്ടാൻ ഉറക്കമിളച്ച് അദ്ദേഹം പാടുപെടുകയായിരുന്നു. ഉത്തരേന്ത്യൻ വിഭവങ്ങളും കേരളത്തിന്‍റെ വിഭവങ്ങളും വേറെ വേറെയുണ്ടാക്കി മനസും വയറും നിറച്ചുവെന്ന് ഗോപിനാഥ് കുറിക്കുന്നു.

ഭിന്നശേഷി സമൂഹത്തിന്‍റെ സർഗാവിഷ്‌കാരങ്ങൾക്ക് പൊതുവേദിയൊരുക്കി അവരെ മുഖ്യധാരയിലേക്ക് ഉയർത്താനും തുല്യനീതി ഉറപ്പാക്കാനുമായി യൂണിയൻ സാമൂഹിക നീതി ശാക്തീകരണ വകുപ്പും-സംസ്ഥാന സാമൂഹ്യനീതി വകുപ്പുകളും ചേര്‍ന്നാണ് കഴിഞ്ഞ മാസം 25,26 തിയതികളില്‍ കലോത്സവം സംഘടിപ്പിച്ചത്. . 12 സംസ്ഥാനങ്ങളിൽ നിന്നായി 1,700 ഓളം ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും കലോത്സവത്തിൽ പങ്കെടുത്തു.



മുതുകാടിന്‍റെ കുറിപ്പ്

തളർച്ചയിലും ഞങ്ങൾ ചിരിച്ചു.... സമ്മോഹന്റെ മൂന്നാം നാളിലെ ആഘോഷങ്ങളും അവസാനിപ്പിച്ച് രാത്രി പതിനൊന്ന് മണിയോടെ ഞാൻ അവശനായി നിലത്ത് തളർന്നു കിടക്കുമ്പോൾ പഴയിടം മോഹനൻ നമ്പൂതിരി അരികിലേക്ക് വന്നു. അദ്ദേഹം അതിനേക്കാൾ അവശനായിരുന്നു. കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങളിൽ രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരെ ഊട്ടാൻ ഉറക്കമിളച്ച് അദ്ദേഹം പാടുപെടുകയായിരുന്നു. ഉത്തരേന്ത്യൻ വിഭവങ്ങളും കേരളത്തിന്‍റെ വിഭവങ്ങളും വേറെ വേറെയുണ്ടാക്കി, വന്നവരെ മുഴുവൻ വയറൂട്ടിയതിന്റെ ഫലമായി, ഒരു പരാതിപോലും പറയാനില്ലാതെ നന്ദി പറഞ്ഞ് വന്നവർ മടങ്ങിപ്പോകുമ്പോൾ സത്യത്തിൽ നിറഞ്ഞത് എന്റെ മനസ്സായിരുന്നു.

പഴയിടം പറഞ്ഞു: "എല്ലാം നന്നായി കഴിഞ്ഞല്ലോ... ഇനി നമുക്ക്‌ ഒരു ഫോട്ടോ എടുക്കണം." വിയർത്തൊട്ടിയ ശരീരങ്ങൾ ഒന്നായി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫോട്ടോഗ്രാഫർ പറഞ്ഞു... "സ്‌മൈൽ പ്ലീസ്..." ഞങ്ങൾ ചിരിക്കാൻ ശ്രമിച്ചു... തളർച്ചയിലെ ചിരി....!നന്ദി പഴയിടം സാർ... ഒരു പരാതിപോലുമില്ലാതെ സ്നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് അവരുടെ വയറും നിറച്ചതിന്...



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News