മുസ്‌ലിം ചെറുപ്പക്കാരെ വ്യാജ കേസുകളിൽ കുടുക്കാൻ ഭരണകൂടം ശ്രമിക്കുന്നു: ഡോ അബ്ദുൽ വാഹിദ് ഷെയ്ഖ്

2006ൽ നടന്ന മുംബൈ ട്രെയിൻ സ്ഫോടന പരമ്പരകളെ തുടർന്ന് വ്യാജ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും നീണ്ട 9 വർഷത്തെ ജയിൽവാസത്തിനു ശേഷം നിരപരാധിയെന്ന് കണ്ടു വിട്ടയക്കപ്പെടുകയും ചെയ്ത അധ്യാപകനാണ് ഡോ.അബ്ദുൽ വാഹിദ് ഷെയ്ഖ്

Update: 2025-08-10 14:46 GMT
Editor : rishad | By : Web Desk

കോഴിക്കോട് : മുസ്‌ലിംകളെ വ്യാജ തീവ്രവാദ-ഭീകരവാദ കേസുകളിൽപെടുത്താൻ ഭരണകൂടം ആസൂത്രിതമായി ശ്രമിക്കുന്നുവെന്നും അതിന്റെ ഉദാഹരമാണ് താനെന്നും ഡോ. അബ്ദുൽ വാഹിദ് ഷെയ്ഖ്.

'വഖഫ് ഭേദഗതി നിയമം പിൻവലിക്കുക, മുസ്‌ലിം വംശഹത്യ പദ്ധതികൾക്കെതിരെ' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2006ൽ നടന്ന മുംബൈ ട്രെയിൻ സ്ഫോടന പരമ്പരകളെ തുടർന്ന് വ്യാജ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും നീണ്ട 9 വർഷത്തെ ജയിൽവാസത്തിനു ശേഷം നിരപരാധിയെന്ന് കണ്ടു വിട്ടയക്കപ്പെടുകയും ചെയ്ത അധ്യാപകനാണ് ഡോ.അബ്ദുൽ വാഹിദ് ഷെയ്ഖ്. ഇദ്ദേഹമായിരുന്നു പരിപാടിയിലെ മുഖ്യാതിഥി.

Advertising
Advertising

മുസ്‌ലിംകളുടെ ദേശസ്നേഹത്തെ സംശയിക്കുമ്പോൾ മറു ചോദ്യങ്ങൾ ചോദിക്കാൻ മുസ്‌ലിം സമൂഹം ധൈര്യം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സയണിസത്തിനെതിരെ ലോകം തന്നെയും തെരുവിൽ അണിനിരക്കുമ്പോൾ ഇന്ത്യ - ഇസ്രായേൽ ബന്ധം കൂടുതൽ ശക്തിപ്പെടുന്നു. ഹിന്ദുത്വയുടെ നേതൃത്വത്തിൽ ഇന്ത്യയിലും സയണിസ്റ്റുകളുടെ നേതൃത്വത്തിൽ ഫലസ്തീനിലും വംശഹത്യകൾ അരങ്ങേരുമ്പോൾ ഇന്ത്യൻ തെരുവുകൾ നിശബ്ദമാവുന്നത് ഭയപ്പെടുത്തുന്നതാണെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ് മമ്പാട് പറഞ്ഞു.


ഹിന്ദുത്വ വംശീയ പ്രത്യയശാസ്ത്രം അതിന്റെ മുസ്‌ലിം വിരുദ്ധ ഉന്മൂലന പദ്ധതികൾ ഓരോന്നായി ഇന്ത്യയിൽ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർ രാജുമൊക്കെ വാർത്തകൾ പോലുമല്ലാത്ത വിധം സാധാരണമാവുന്നു. കോടതിയും ഭരണകൂടവും അതിനു കൂട്ടുപിടിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ മസീഹുസ്സമാൻ അൻസാരി (ഡൽഹി) പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, കെ.പി.സി സി സെക്രട്ടറി കെ.പി നൗഷാദലി, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ്, ശ്രീനാരായണ ഗുരുധർമം ട്രസ്റ്റ് ചെയർമാൻ പി.കെ സുധീഷ് ബാബു, ദ്രാവിഡ വിചാര കേന്ദ്രം ഡയറക്ടർ ഗാർഗ്യൻ സുധീരൻ, ഗവേഷകനും എഴുത്തുകാരനായ റിയാസ് മോൻ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷമീമ സക്കീർ, സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന ജന. സെക്രട്ടറി ടി. ഇസ്മാഈൽ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി കോഴിക്കോട് നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത യുവജനറാലിയും നടന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News