നിയമസഭ പാസ്സാക്കിയ ചില ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കും; നാല് മന്ത്രിമാരെ രാജ്ഭവനിലേക്ക് വിളിച്ചു

നിയമസഭ പാസാക്കിയിട്ടും ഗവര്‍ണര്‍ ഒപ്പിടാത്ത എട്ട് ബില്ലുകളാണുള്ളത്

Update: 2023-02-23 01:02 GMT

ആരിഫ് മുഹമ്മദ് ഖാന്‍

Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് തിരിച്ചെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭ പാസ്സാക്കിയ ചില ബില്ലുകളില്‍ ഒപ്പിട്ടേക്കും. ബില്ലുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നാല് മന്ത്രിമാരെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിച്ചിട്ടുണ്ട്. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ തുടര്‍നടപടികളിലും തീരുമാനമുണ്ടാകും.

നിയമസഭ പാസാക്കിയിട്ടും ഗവര്‍ണര്‍ ഒപ്പിടാത്ത എട്ട് ബില്ലുകളാണുള്ളത്. ബില്ലുകളില്‍ ഒപ്പിടാത്തത് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തു. ഇതോടെ ചില ബില്ലുകളില്‍ വ്യക്തത വരുത്താന്‍ മന്ത്രിമാര്‍ നേരിട്ടെത്തണമെണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. നിയമമന്ത്രി പി രാജീവ്, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു, സഹകരണ മന്ത്രി വി.എന്‍ വാസവന്‍, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരെയാണ് ഗവര്‍ണര്‍ അത്താഴ വിരുന്നിനും ബില്ലുകളുടെ ചര്‍ച്ചയ്ക്കും വിളിച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന ഗവര്‍ണര്‍ നാളെ രാവിലെ കൊല്ലത്തെ പൊതുപരിപാടി കഴിഞ്ഞ് വൈകുന്നേരം ഹൈദരാബാദിലേക്ക് പോകും. പിന്നീട് അടുത്ത മാസം ആദ്യമേ തിരികെ വരൂ. അതിന് മുന്നോടിയായി ചില ബില്ലുകളില്‍ ഒപ്പിടാനാണ് ആലോചന. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കശുവണ്ടി ഫാക്ടറി ഭേദഗതി ബില്‍, മില്‍മയുടെ ഭരണം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്ന ബില്‍ എന്നിവയില്‍ ഒപ്പിട്ടേക്കും. ലോകായുക്ത നിയമഭേദഗതി ബില്ലിനെ കുറിച്ച് നിയമമന്ത്രി പി രാജീവ് ഗവര്‍ണറോട് വിശദീകരിക്കും. കെടിയു വിസിയെ നിയമിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധിയിലെ തുടര്‍ നടപടികളും തിരികെ എത്തിയ ശേഷം ഗവര്‍ണര്‍ തീരുമാനിക്കും. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News