പ്രബന്ധ വിവാദം: ഗവർണർ സർവകലാശാലയോട് വിശദീകരണം തേടി

വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ​ഗവർണറുടെ തീരുമാനം.

Update: 2023-01-31 14:26 GMT
Advertising

തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിൽ ഗവർണർ കേരള സർവകലാശാലയോട് വിശദീകരണം തേടി. ചിന്തയുടെ ഗവേഷണ പ്രബന്ധം കോപ്പിയടി എന്നാണ് പരാതി. ഡോക്ടറേറ്റ് റദ്ദാക്കണമെന്നും ആവശ്യമുണ്ട്.

ഈ സാഹചര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് ഗവർണർ സർവകലാശാലാ വി.സിയോട് ചോദിച്ചു. ചിന്തയുടെ പ്രബന്ധത്തിലെ പിഴവുകൾ, ചില ഭാഗങ്ങൾ മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയതാണ് എന്നിവ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് ​ഗവർണർക്ക് പരാതി നൽകിയത്.

ഇതിൽ ചൊവ്വാഴ്ച വൈകീട്ടാണ് ​ഗവർണർ വിശദീകരണം തേടിയത്. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ​ഗവർണറുടെ തീരുമാനം. അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍വകലാശാലയും നീക്കം തുടങ്ങിയിട്ടുണ്ട്.

പ്രബന്ധം വിദഗ്ധ സമിതിയെ കൊണ്ട് നേരിട്ട് പരിശോധിപ്പിക്കാനാണ് സര്‍വകലാശാലയുടേയും നീക്കം. വിദഗ്ധാഭിപ്രായം കൂടി തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ അറിയിച്ചു. വിവാദമായ ഗവേഷണ പ്രബന്ധം നേരിട്ട് പരിശോധിക്കാനാകും സർവകലാശാലയുടെ നീക്കം.

ചിന്തയുടെ ഗൈഡ് ആയിരുന്ന പ്രൊ വി.സി ഡോ. പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണം, എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റണം എന്നീ ആവശ്യങ്ങളും സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്‍റെ പരാതിയിലുണ്ട്.

പ്രബന്ധത്തിൽ ചങ്ങമ്പുഴ എഴുതിയ വാഴക്കുല എന്ന കൃതിയുടെ രചയിതാവായി വൈലോപ്പിള്ളിയെ സമർഥിച്ചതാണ് ആദ്യം വിവാദമായത്. പിന്നാലെ കോപ്പിയടി ആരോപണം കൂടി ഉയർന്നത് ചിന്തയെ കൂടുതൽ വെട്ടിലാക്കി. നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News