വിവാദങ്ങള്‍ക്കിടെ ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; അസാധുവായ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുമോയെന്ന് ആകാംക്ഷ

നിയമസഭ സമ്മേളനം തീരുമാനിച്ചതിനാൽ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചാലും അതുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം

Update: 2022-08-11 01:37 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തലസ്ഥാനത്ത് തിരികെയെത്തും. അസാധുവാക്കപ്പെട്ട ഓര്‍ഡിനന്‍സുകളില്‍ മുന്‍കാല പ്രാബല്യത്തോടെ ഗവർണർ ഒപ്പിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിയമസഭ സമ്മേളനം തീരുമാനിച്ചതിനാൽ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചാലും അതുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

വിവാദമായ ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് അസാധുവായത്. ഒക്ടോബറില്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും ഗവര്‍ണര്‍ വഴങ്ങിയില്ല. ഇതോടെയാണ് സഭ സമ്മേളനം ഈ മാസം 22 മുതല്‍ വിളിച്ച് ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡല്‍ഹിയിലായിരുന്ന ഗവര്‍ണര്‍ ഇന്ന് രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ ഗവര്‍ണറുടെ തുടര്‍ നീക്കങ്ങള്‍ ഏവരും ഉറ്റ് നോക്കുന്നുണ്ട്. ഫയലുകള്‍ പരിശോധിക്കാതെ ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന കടുത്ത നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഇന്ന് തിരികെ എത്തിയ ശേഷം ഫയലുകള്‍ പരിശോധിച്ച് മുന്‍കാല പ്രാബല്യത്തോടെ ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്ന ആകാംക്ഷ സര്‍ക്കാരിനുമുണ്ട്. ഇല്ലെങ്കില്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ വിശദീകരണം ചോദിച്ച് തിരിച്ചയക്കണം.

Advertising
Advertising

നേരത്തെ ഒപ്പിട്ടുള്ള ഓര്‍ഡിനന്‍സുകള്‍ ആയത് കൊണ്ട് അതിനുള്ള സാധ്യത സര്‍ക്കാര്‍ കാണുന്നില്ല. അസാധാരണ നടപടികള്‍ സ്വീകരിക്കുന്ന ഗവര്‍ണര്‍ ഇനി അങ്ങനെ ചെയ്താലും സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകളുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മന്ത്രിസഭ യോഗം അസാധുവായ ഓര്‍ഡിനന്‍സുകള്‍ ഇനി പരിഗണിക്കില്ല. നിയമസഭ സമ്മേളനത്തില്‍ ബില്ലായി വന്ന് പാസാകട്ടെ എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ സി.പി.എം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രി ഗവര്‍ണറെ നേരിട്ട് കാണാന്‍ രാജ് ഭവനിലെത്തുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News