ഗവർണർ ഇന്ന് തിരുവനന്തപുരത്തെത്തും; രണ്ട് ബില്ലുകളില്‍ ഒപ്പിട്ടേക്കില്ല

സര്‍വകലാശാല ഭേദഗതി ബില്ലിലും ലോകായുക്ത നിയമ ഭേദഗതി ബില്ലിലും നിയമോപദേശം തേടാനാണ് ആലോചന.

Update: 2022-09-18 00:43 GMT
Advertising

സര്‍ക്കാരുമായി തുറന്ന പോരിന് ഇറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തലസ്ഥാനത്ത് തിരികെ എത്തും. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ രണ്ട് ബില്ലുകളില്‍ ഒഴികെ ബാക്കിയുള്ളവയില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കും. സര്‍വകലാശാല ഭേദഗതി ബില്ലിലും ലോകായുക്ത നിയമ ഭേദഗതി ബില്ലിലും നിയമോപദേശം തേടാനാണ് ആലോചന.

മുഖ്യമന്ത്രിയുമായി യുദ്ധപ്രഖ്യാപനം നടത്തുന്ന തരത്തിലായിരുന്നു ഗവണര്‍ണറുടെ ഇന്നലത്തെ പ്രതികരണം. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിനൊപ്പം തന്നെ തന്‍റെ മുന്നിലെത്തിയിരിക്കുന്ന രണ്ട് ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ല എന്ന സൂചനയും ഗവര്‍ണര്‍ ഇന്നലെ നല്‍കി. ഇന്ന് തിരുവനന്തപുരത്ത് തിരികെ എത്തുന്ന ഗവര്‍ണര്‍ ചില ബില്ലുകളില്‍ ഒപ്പിട്ടേക്കും. ഇക്കഴിഞ്ഞ നിയമസഭ പാസ്സാക്കിയ 12 ബില്ലുകളില്‍ രണ്ടെണ്ണത്തില്‍ ഒഴികെ ബാക്കിയുള്ള ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് തര്‍ക്കമില്ല.

ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന സര്‍വകലാശാല ഭേദഗതി ബില്‍, ലോകായുക്തയുടെ അധികാരം കവരുന്ന ലോകായുക്ത ഭേദഗതി ബില്‍ ഇവയിലാണ് ആരിഫ് മുഹമ്മദ് ഖാന് എതിരഭിപ്രായമുള്ളത്. ഇത് രണ്ടിലും ഒപ്പിടില്ല എന്ന കൃത്യമായ സൂചന ഗവര്‍ണര്‍ നല്‍കിക്കഴിഞ്ഞു.

നിയമോപദേശം തേടാനാണ് ഗവര്‍ണറുടെ തീരുമാനം. നിയമോപദേശം സര്‍ക്കാരിന് അനുകൂലമാണെങ്കില്‍ ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പ് വെയ്ക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ചുരുക്കത്തില്‍ വരുംദിവസങ്ങള്‍ സര്‍ക്കാരിനും നിര്‍ണായകമാണ്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News