'ഇനി നോക്കി ഇരിക്കില്ല, പുഷ്പം പോലെ എടുത്ത് പുറത്തിടും'; ഷൈൻ ടോം ചാക്കോക്കെതിരെ കർശന നടപടിയെന്ന് ജി. സുരേഷ് കുമാർ
എത്രവലിയ ആളാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സുരേഷ്‌കുമാർ മീഡിയവണിനോട്
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സിനിമാ നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റുമായ ജി.സുരേഷ് കുമാർ.'അയാളെ പുഷ്പം പോലെ വെളിയിൽ കളയും.അതിൽ യാതൊരു സംശയവുമില്ല. നടി പരാതി നൽകിക്കഴിഞ്ഞു. ഇനി നോക്കിയിരിക്കാൻ കഴിയില്ല. ശക്തമായ നടപടിയുണ്ടാകും'. സുരേഷ് കുമാർ മീഡിയവണിനോട് പറഞ്ഞു.
'ഇത്തരം സംഭവമുണ്ടായാൽ ആരും പരാതി നൽകുന്നില്ല എന്നതാണ് പ്രശ്‌നം. പലരും ഇതെല്ലാം സഹിച്ചിരിക്കുകയാണ്. പക്ഷേ പരാതി നൽകാൻ ധൈര്യപൂർവം മുന്നിട്ടിറങ്ങിയ വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ്. ആ നടിക്കൊപ്പം ഞങ്ങളുണ്ടാകും. തിങ്കളാഴ്ച ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതിൽ ഇക്കാര്യത്തിലുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കും.എത്രവലിയ ആളാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും'. സുരേഷ് കുമാർ പറഞ്ഞു.