കോഴിക്കോട് നിന്ന് അമിത ഹജ്ജ് വിമാന നിരക്ക്; ആവശ്യമായ ഇടപെടൽ നടത്തുമെന്ന് കിരൺ റിജിജു
കോഴിക്കോട് എംബാർക്കേഷൻ പോയിന്‍റുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിച്ച് എം കെ രാഘവൻ എം.പി പാർലമെന്‍റിലെ ഓഫീസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്
ഡൽഹി: കോഴിക്കോട് ഹജ്ജ് എംബാർക്കേഷൻ പോയിന്റിലെ അമിതമായ ഹജ്ജ് വിമാന നിരക്ക് ഈ വർഷം ആവർത്തിക്കാതിരിക്കാൻ, ആവശ്യമായ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി കിരൺ റിജിജു എം.കെ രാഘവൻ എം.പിയെ അറിയിച്ചു. മുൻ വർഷങ്ങളിൽ കണ്ണൂർ, കൊച്ചി എയർപോർട്ടുകളേക്കാൾ കോഴിക്കോട് നിന്ന് ഹജ്ജ് വിമാന നിരക്കിൽ 40000/- രൂപ അധികം ഈടാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ സമീപനം നീതീകരിക്കാനാകാത്തതാണെന്ന് സമ്മതിച്ച മന്ത്രി, ഈ വിഷയത്തിൽ ഉന്നത തല റിവ്യൂ യോഗം വിളിക്കുമെന്നും എം.പിക്ക് ഉറപ്പ് നൽകി.
കോഴിക്കോട് എംബാർക്കേഷൻ പോയിന്‍റുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിച്ച് എം കെ രാഘവൻ എം.പി പാർലമെന്‍റിലെ ഓഫീസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. സംസ്ഥാനത്തെ 80% ലധികം തീർത്ഥാടകരും കാലിക്കറ്റ് എംബാർക്കേഷൻ പോയിന്‍റിന്‍റെ കാച്ച്മെന്റ് ഏരിയയിലുള്ളവരാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അമിത തുക ഈടാക്കിയത് കൊണ്ട് ഇത്തവണ അപേക്ഷ നൽകുമ്പോൾ കോഴിക്കോടിനെ പ്രൈമറി എംബാർക്കേഷൻ പോയിന്റായി തെരഞ്ഞെടുക്കാൻ തീർത്ഥാടകർക്ക് ആശങ്കയുണ്ട്. മറ്റ് എംബാർക്കേഷനുകൾ തെരഞ്ഞെടുക്കാൻ തീർത്ഥാടകർ നിർബന്ധിതരാകുന്നുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി.
കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസാണ് 2025 ലെ ഹജ്ജ് സർവീസ് നടത്തിയത്. ഒരേ എയർലൈൻ കമ്പനി, ഒരേ തരം നാരോ ബോഡി വിമാനങ്ങൾ (B737 Max) ഉപയോഗിച്ച്, ഒരേ പാസഞ്ചർ ലോഡിൽ, ഒരേ ഓപ്പറേഷണൽ ലോഡ് പാരാമീറ്റർ (Maximum Take-off Weight - MTOW) പാലിച്ച് കൊണ്ട്, ഒരേ എയർ ഡിസ്റ്റൻസിൽ (കോഴിക്കോട്-ജിദ്ദ, കണ്ണൂർ ജിദ്ദ ഗ്രേറ്റ് സർക്കിൾ ഡിസ്റ്റൻസ് വ്യത്യാസം 44 മൈൽ മാത്രം) സർവീസ് നടത്തുമ്പോൾ യാതൊരു അടിസ്ഥാനവുമില്ലാതെ കോഴിക്കോട് നിന്ന് മാത്രം 40000/- രൂപ അധികം ഈടാക്കുന്നത് കടുത്ത അനീതിയും ചൂഷണവുമാണെന്ന് രേഖകൾ സഹിതം എം.പി മന്ത്രിയെ ധരിപ്പിച്ചു.
ഹജ് വിമാന നിരക്ക് നിശ്ചയിക്കുന്ന ബിഡിങ് നടപടികൾ ആരംഭിക്കുന്നതിനു മുമ്പേ ഒന്നിലധികം വിമാന കമ്പനികൾ ബിഡിംഗ് നടപടികളിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനോ, സംസ്ഥാനത്തെ എംബാർക്കേഷൻ പോയിന്റുകളിൽ നിരക്ക് ഏകീകരിക്കാനോ ആവശ്യമായ ഇടപെടൽ നടത്തണമെന്നും എം പി ആവശ്യപ്പെട്ടു.
വലിയ വിമാനങ്ങൾ സർവീസ് നടത്താൻ എല്ലാനിലക്കും സുസജ്ജമായ കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജ് സർവീസിന് പ്രത്യേകമായി വലിയ വിമാന സർവീസിനുള്ള അനുമതി വ്യോമയാന മന്ത്രാലയത്തിൽ നിന്ന് നേടിയെടുക്കാൻ കേന്ദ്ര ഹജ്ജ് മന്ത്രാലയം ശ്രമിക്കണമെന്ന ആവശ്യവും എംപി മുന്നോട്ട് വെച്ചു. ഈ വർഷം ആരംഭിക്കുന്ന 20 ദിവസത്തെ ഷോർട്ട് ഹജ്ജ് പാക്കേജ് നൽകുന്ന എംബാർക്കേഷൻ പോയിന്റിൽ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട എംബാർക്കേഷൻ പോയിന്റായ കോഴിക്കോടിനേയും ഉൾപ്പെടുത്തണമെന്നും മന്ത്രിയോട് എം.കെ രാഘവൻ എംപി ആവശ്യപ്പെട്ടു.