ജംബോ പട്ടിക പാരയായി; കെഎസ്‍യു ജില്ലാ ഭാരവാഹികളില്‍ പകുതി പേരെയും 'കാണ്‍മാനില്ല'

കെ.എസ്.യുവിന്‍റെയോ കോണ്‍ഗ്രസിന്‍റേയോ കൊടി ഒരിക്കല്‍ പോലും പിടിക്കാത്തവരും നാട്ടിലില്ലാത്തവരുമായ നിരവധി പേർ പട്ടികയിൽ ഉണ്ട്

Update: 2025-02-08 09:50 GMT

കൊച്ചി: കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കളുടെ കടുത്ത സമ്മർധത്തിന് വഴങ്ങി തയ്യാറാക്കിയ എണ്‍പതും തൊണ്ണൂറും പേരുള്ള കെഎസ്‍യു ജില്ലാ ഭാരവാഹിപ്പട്ടിക സംഘടനക്ക് കടുത്ത ബാധ്യതയായി മാറുന്നു. ഭാരവാഹികളില്‍ പകുതി പേരും ജില്ലാ നേതൃയോഗങ്ങള്‍ക്ക് പോലും എത്താറില്ല. ജില്ലാ പ്രസിഡണ്ടിന് തിരിച്ചറിയാനോ ഒരിക്കലെങ്കിലും ഫോണില്‍ ബന്ധപ്പെടാനോ കഴിയാത്തവർ പോലും നിരവധി പേരുണ്ട്. യോഗത്തിന് വരാത്തവരെ ഭാരവാഹിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി, പ്രവർത്തിക്കുന്നവരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് പരിഹാരമുണ്ടാക്കാന്‍ കെ എസ് യു സംസ്ഥാന കമ്മിറ്റിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍ ചേർന്നത്. ഏറെനാളായി സംഘടനയുമായി ബന്ധമില്ലാത്ത സച്ചിദാനന്ദിനെ സസ്പെന്‍ഡ് ചെയ്യണമെന്ന തൃശൂർ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാകാതിരുന്നതാണ് ഒടുവില്‍ കെ.എസ്.യുവിന് വലിയ തിരിച്ചടിയുണ്ടാക്കിയത്.

Advertising
Advertising

 

അജ്ഞാത നേതാക്കൾ

30 - 90 പേരാണ് കെഎസ്‍യു ജില്ലാ കമ്മിറ്റികളിൽ നിലവിൽ ഭാരവാഹികളായി ഉള്ളത്. കെ.എസ്.യുവിന്‍റെയോ കോണ്‍ഗ്രസിന്‍റേയോ കൊടി ഒരിക്കല്‍ പോലും പിടിക്കാത്തവരും നാട്ടിലില്ലാത്തവരുമായ നിരവധിപേർ പട്ടികയിലുണ്ടെന്നും ഇവരെ ഒഴിവാക്കണമെന്നും ജില്ലാ പ്രസിഡണ്ടുമാർ പലവട്ടം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കളുടെ സമ്മർദം മൂലം പട്ടികയില്‍ കയറിക്കൂടിയവരാണ് ഇവരെല്ലാം. തങ്ങൾക്ക് ലഭിച്ച ഗ്രൂപ്പ് പ്രാതിനിധ്യം ഉപയോഗിക്കാന്‍ ആരുടെയെങ്കിലും പേര് കൊടുക്കുക എന്ന നിലപാടാണ് പല ഗ്രൂപ്പ് നേതാക്കളും സ്വീകരിച്ചത്. പേര് കൊടുത്തില്ലെങ്കില്‍ അടുത്ത തവണ അവകാശവാദം ഉന്നയിക്കാന്‍ പറ്റില്ല എന്ന ആശങ്കയും ഗ്രൂപ്പ് നേതാക്കളെ ഈ 'തട്ടിപ്പിന് നിർബന്ധിത'രാക്കി. ഭാരവാഹി പട്ടികയിലുണ്ടായിട്ടും ചാർജെടുക്കാത്തവർക്ക് ജില്ലാ പ്രസിഡണ്ടുമാർ കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തു. അതിനോടും പ്രതികരിക്കാത്തവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് കൊടുത്തു. സംസ്ഥാന നേതൃത്വം ഇവരെ ഫോണില്‍ വിളിച്ച് നേരിട്ട് അന്വേഷിച്ചിട്ടും കാര്യമില്ലാതെ വന്നപ്പോള്‍ ഒഴിവാക്കാമെന്ന ധാരണ രൂപപ്പെട്ടെങ്കിലും തീരുമാനമുണ്ടായില്ല.

പട്ടികയിൽ 87, പരിപാടിക്ക് 25 !

തൃശൂർ ജില്ലയില്‍ പേരിന് മാത്രം ഭാരവാഹി പട്ടികയില്‍ കയറിക്കൂടിയ 27 പേരുണ്ട്. 27 പേരെയും ഒഴിവാക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ കത്ത് സംസ്ഥാന നേതൃത്വത്തിന് മുന്നിലുണ്ട്. ഇവരുടെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തിന് കാക്കുകയാണ് സംസ്ഥാന നേതൃത്വം. എറണാകുളം ജില്ലയിലും ഭാരവാഹികളില്‍ 70 ശതമാനം പേരും കടലാസില്‍ മാത്രമുള്ളവരാണ്. 87 ജില്ലാ ഭാരവാഹികളില്‍ 25 പേർ മാത്രമാണ് യോഗങ്ങള്‍ക്ക് വരുന്നത്. ആലപ്പുഴയിലും സ്ഥിതി സമാനമാണ്. 79 ഭാരവാഹികളില്‍ 20 പേർ മാത്രമാണ് സജീവമായിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും പ്രവർത്തിക്കാത്ത നിരവധി പേർ ഭാരവാഹികളായുണ്ട്.

ഭാരവാഹിത്വമാണ് ഭാവി

കെ.എസ്.യു ഭാരവാഹിപ്പട്ടികയിൽ പേരുവന്നാൽ യൂത്ത് കോൺഗ്രസിലോ കോൺഗ്രസിലെ പാർട്ടിപദവികളിലേക്കോ എളുപ്പം എത്തിപ്പെടാനാകും. കെ.എസ്.യു പട്ടികയിൽ ആളെണ്ണം കൂടാൻ ഒരു കാരണം ഇതാണ്, യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ 'പേരിന് മാത്രം പട്ടികയിൽ വന്നവരെ' പരിഗണിക്കരുതെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേർന്ന കെ.എസ്.യു സംസ്ഥാന നേതൃയോഗത്തില്‍ ഉയർന്നു. കെ.എസ്.യു ഭാരവാഹിയായിരുന്നു എന്ന പരിഗണന ഇവർക്ക് യൂത്ത് കോണ്‍ഗ്രസോ മറ്റോ നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന അഭിപ്രായമാണ് ഉയർന്നത്. കെ.എസ്.യുവിന്‍റെ ചുമതലയുള്ള മാത്യു കുഴല്‍നാടന്‍ , ടി എന്‍ പ്രതാപന്‍ , സജി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. കെ.എസ്.യുവിന്‍റെ ജില്ലാ തല ചുമതലക്കാരെ ഡിസിസികള്‍ ഉടന്‍ നിശ്ചയിക്കും. കോണ്‍ഗ്രസിന്‍റെ സംരക്ഷണയില്‍ കെ.എസ്.യു പ്രവർത്തനം ഉറപ്പാക്കാനുള്ള ക്രമീകരണമുണ്ടാക്കാനും യോഗം തീരുമാനിച്ചു.

 

തൃശൂരിലെ ഡി സോണ്‍ സംഘർഷത്തില്‍ പൊലീസ് നടപടി നേരിട്ട കെ.എസ്.യു നേതാക്കള്‍ക്ക് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ല. കെപിസിസി സംഘടനാ സെക്രട്ടറി എം. ലിജു, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ എന്നിവരാണ് നിയമസഹായവുമായി രംഗത്ത് വന്നത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - രാഷ്ട്രീയകാര്യ ലേഖകന്‍

contributor

Similar News