'ഒത്തുതീര്‍പ്പ്‌ അടിച്ചേല്‍പ്പിച്ചു'; കലാപക്കൊടി താഴ്ത്താതെ ഹരിത

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു ഹരിത നേതാക്കളുടെ ആവശ്യം. പക്ഷെ എം.എസ്.എഫ് നേതാക്കള്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്ന് മാത്രമാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

Update: 2021-08-26 15:33 GMT
Advertising

ഹരിത വിവാദത്തില്‍ ഒത്തുതീര്‍പ്പ് ലീഗ് നേതൃത്വം അടിച്ചേല്‍പ്പിച്ചതാണെന്ന് ആരോപണം. ഹരിത നേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ലീഗ് നേതൃത്വം അംഗീകരിച്ചില്ലെന്നാണ് ഹരിത നേതാക്കളും എം.എസ്.എഫിലെ ഒരു വിഭാഗവും പറയുന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഹരിത നേതാക്കള്‍ കഴിഞ്ഞ ദിവസം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന ലീഗ് നേതൃത്വം പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നെന്ന് പറയുന്നതിനോട് യോജിക്കാനാവില്ലെന്ന് ഇവര്‍ പറയുന്നു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു ഹരിത നേതാക്കളുടെ ആവശ്യം. പക്ഷെ എം.എസ്.എഫ് നേതാക്കള്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്ന് മാത്രമാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചത് പിന്‍വലിക്കുമെന്നും ലീഗ് അറിയിച്ചു. എന്നാല്‍ തങ്ങള്‍ നേരിട്ട അധിക്ഷേപത്തിനും ഇത്രയും നാള്‍ നേരിട്ട മാനസിക സമ്മര്‍ദത്തിനും എന്താണ് പരിഹാരമെന്ന് ഹരിത നേതാക്കള്‍ ചോദിക്കുന്നു. ഖേദപ്രകടനം കൊണ്ടായില്ലെന്നും നവാസ് അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്താല്‍ മാത്രമേ നീതി കിട്ടിയെന്ന് പറയാനാവൂ എന്നുമാണ് ഹരിത നേതൃത്വത്തിന്റെ നിലപാട്. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ പി.കെ നവാസിനെതിരെ വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഖേദപ്രകടനം എന്ന പേരില്‍ എം.എസ്.എഫ് നേതാക്കള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആത്മാര്‍ത്ഥതയോടെയല്ലെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ തെറ്റ് ചെയ്‌തെന്ന് സ്വയം അംഗീകരിക്കാതെയാണ് മൂവരും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംഘടനാ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അവസരം ചോദിച്ചപ്പോള്‍ പി.കെ നവാസ് ലൈംഗികാധിക്ഷേപം നടത്തുന്ന രീതിയില്‍ സംസാരിച്ചെന്നാണ് ഹരിത വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി. എന്നാല്‍ ദുരുദ്ദേശപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏതെങ്കിലും വനിതാ പ്രവര്‍ത്തകക്ക് തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് നവാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഖേദപ്രകടനമെന്നും നവാസ് പറയുന്നു.

Full View

ജില്ലാ കമ്മിറ്റി യോഗത്തില്‍ അധിക്ഷേപിച്ചുവെന്നാണ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിനെതിരായ പരാതി. ഫോണ്‍ മുഖേന അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നാണ് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബിനെതിരായ പരാതി. എന്നാല്‍ ഇരുവരും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളിലും തെറ്റ് ചെയ്തതായി അംഗീകരിക്കുന്നില്ല. തങ്ങളുടെ സംസാരം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്‌തെന്നാണ് ഇവരുടെ കുറിപ്പില്‍ പറയുന്നത്.

Full View

Full View

അതേസമയം തെറ്റ് ചെയ്തിട്ടില്ലെങ്കിലും ഖേദം പ്രകടിപ്പിക്കുന്നു എന്ന തരത്തിലുള്ള ഖേദപ്രകടനം ആര്‍ക്ക് വേണ്ടിയാണെന്ന് ഹരിത നേതാക്കള്‍ ചോദിക്കുന്നു. പാര്‍ട്ടി നേതൃത്വം മുന്നോട്ടുവെച്ച ഒത്തതീര്‍പ്പ് ഫോര്‍മുലയില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും നിയമപരമായി മുന്നോട്ട് പോവുമെന്നും ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നി മീഡിയാവണിനോട് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News