'ആർ.എസ്.എസ്സിന് സ്‌നേഹവും പ്രശംസയും വാരിക്കോരി നൽകുന്നു'; ഗവർണർക്കെതിരെ മുഖ്യമന്ത്രി

മന്ത്രിസഭയുടെ നിർദേശത്തിനനുസരിച്ച് ഗവർണർമാർ പ്രവർത്തിക്കണമെന്ന് സുപ്രിം കോടതി വിധിയുണ്ടെന്നും മുഖ്യമന്ത്രി

Update: 2022-09-21 13:38 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആർ.എസ്.എസ്സിന് സ്‌നേഹവും പ്രശംസയും വാരിക്കോരി നൽകുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർക്കാരിന്റെ നിർദേശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ ഗവർണർ വേവലാതി പ്രകടപ്പിക്കുന്നു. കൊലപാതകങ്ങളുടെ ഭാഗമാകുന്ന ആർ.എസ്.എസ്സിനെ ഗവർണർ പിന്തുണയ്ക്കുകയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയിലേക്കുള്ള ക്ഷണം ഗവർണർ നിരസിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

1986 മുതൽ തന്നെ തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നാണ് ഗവർണർ പറഞ്ഞത്. 1990 ൽ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിയായിരുന്ന വി.പി സിങ് സർക്കാരിനെ താഴെയിറക്കിയത് ബിജെപിയും കോൺഗ്രസും ചേർന്നാണ്. മണ്ഡൽ കമ്മീഷൻ അടക്കം ഉയർത്തിയാണ് ആർഎസ്എസ് വി.പി സിങ് സർക്കാരിനെ അട്ടിമറിച്ചത്. താൻ മന്ത്രിയായിരിക്കുന്ന സർക്കാരിനെ വലിച്ച് താഴെയിട്ട ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയാണ് അദ്ദേഹം എന്നല്ലേ ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

രാജ്ഭവനിലെ വാർത്താസമ്മേളനം രാജ്യത്ത് തന്നെ ആദ്യത്തെ സംഭവമാണ്. വിയോജിപ്പറിയിക്കാൻ ഗവർണർക്ക് അതിന്റേതായ മാർഗങ്ങളുണ്ട്. മന്ത്രിസഭയുടെ നിർദേശത്തിനനുസരിച്ച് ഗവർണർമാർ പ്രവർത്തിക്കണമെന്ന് സുപ്രിം കോടതി വിധിയുണ്ട്. സുപ്രിം കോടതി വിധിയെ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഗവർണറുടെ ഓഫീസ് രാഷ്ട്രീയ ഉപചാപ കേന്ദ്രമായി മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനോടും ചരിത്രകാരൻ ഇർഫാൻ ഹബീബിനോടും എന്തിനാണ് ഇത്ര വിദ്വേഷമെന്നും മുഖ്യമന്ത്രി ചോദിച്ചു. ആർ.എസ്.എസ്സിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഇർഫാൻ ഹബീബ്. ആർ.എസ്.എസ് അദ്ദേഹത്തെ ശത്രുവായിട്ടാണ് കാണുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സർവകലശാലകളിൽ സംഘ പരിവാർ ബന്ധമുള്ളവരെ നിയമിക്കാൻ പല സംസ്ഥാനങ്ങളിലും ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.

സർവകലാശാലകളെ ആർ.എസ്.എസ്സിന്റെ രാഷ്ട്രീയ പരീക്ഷണ ശാലകളാക്കാൻ വിട്ടുകൊടുക്കണമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ബില്ലുകൾ വായിച്ചു പോലും നോക്കാതെ ഒപ്പിടില്ല എന്ന മുൻവിധിയാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്. ബില്ലിൽ ഒപ്പിടാത്ത നടപടി ഭരണഘടനയ്ക്ക് യോജിച്ചതാണോയെന്നും ഗവർണർ മുഖ്യമന്ത്രി ചോദിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News