'ഗസ്സയിലേത് ഹൃദയഭേദകമായ വാർത്തകൾ, ഇസ്രായേലിന് മേൽ സമ്മർദം ചെലുത്താൻ ലോകം ഒന്നിക്കണം': പിണറായി വിജയൻ
''ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് അന്ത്യം കുറിക്കാൻ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ചു സ്വരമുയർത്തണം''
തിരുവനന്തപുരം: ഹൃദയഭേദകമായ വാർത്തകളാണ് ഗസ്സയില്‍ നിന്നും നമ്മെത്തേടിയെത്തുന്നതെന്നും ഇസ്രായേലിന് മേൽ സമ്മർദം ചെലുത്താൻ ലോകം ഒന്നിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
''ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ഭക്ഷണവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഇല്ലാതെ അവർ ദുരിതം അനുഭവിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ മാസം മാത്രം 2000-ൽ അധികം പലസ്തീനികളാണ് കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസം മാത്രം 200-ൽ അധികം പേർ മരണപ്പെട്ടു.
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് അന്ത്യം കുറിക്കാൻ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ചു സ്വരമുയർത്തണം. ആക്രമണം അവസാനിപ്പിക്കാനും പലസ്തീൻ ജനതയുടെ ജീവിതം സാധാരണനിലയിലേയ്ക്ക് കൊണ്ടുവരാനും ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്താൻ ലോകം ഒന്നിക്കണമെന്നും''- ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പിണറായി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഹൃദയഭേദകമായ വാർത്തകളാണ് ഗാസയിൽ നിന്നും നമ്മെത്തേടിയെത്തുന്നത്. അടിയന്തര സഹായങ്ങൾ എത്തിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ 14000-ൽ അധികം കുഞ്ഞുങ്ങൾ മരണപ്പെടുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകിയിട്ടുള്ളത്.
ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ഭക്ഷണവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഇല്ലാതെ അവർ ദുരിതം അനുഭവിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ മാസം മാത്രം 2000-ൽ അധികം പലസ്തീനികളാണ് കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസം മാത്രം 200-ൽ അധികം പേർ മരണപ്പെട്ടു.
ഈ ക്രൂരതയ്ക്ക് വിരാമം ഇടാൻ, പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് അന്ത്യം കുറിക്കാൻ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ചു സ്വരമുയർത്തണം. ആക്രമണം അവസാനിപ്പിക്കാനും പലസ്തീൻ ജനതയുടെ ജീവിതം സാധാരണനിലയിലേയ്ക്ക് കൊണ്ടുവരാനും ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്താൻ ലോകം ഒന്നിക്കണം. ഈ നൃശംസത ഇനിയും തുടരാൻ അനുവദിച്ചുകൂട.