മഴ വീണ്ടും കനക്കുന്നു: പാലക്കാടും പെരിന്തല്‍മണ്ണയിലും ഉരുള്‍പൊട്ടല്‍, ആളപായമില്ല

ദുരന്തമുണ്ടായ കൂട്ടിക്കലിലും ഇടുക്കിയിലും കനത്ത മഴ പെയ്യുകയാണ്.

Update: 2021-10-20 19:23 GMT

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല. ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലിലും ഇടുക്കിയിലും കനത്ത മഴ പെയ്യുകയാണ്.

പെരിന്തല്‍മണ്ണയില്‍ നേരിയ ഉരുള്‍പൊട്ടല്‍

മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് ഉരുൾ പൊട്ടലുണ്ടായി. അരക്കുപറമ്പ് മാട്ടറക്കലിലാണ് നേരിയ ഉരുൾപൊട്ടലുണ്ടായത്. മാട്ടറക്കൽ മുക്കില പറമ്പിന്‍റെ മുകളിലുള്ള മേഖലയിലാണ് ഉരുൾപൊട്ടിയത്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. മേഖലയിൽ നിന്ന് അറുപതോളം കുടുംബങ്ങളെ നേരത്തെ തന്നെ മാറ്റിയിരുന്നു.

ഇടുക്കിയില്‍ ഇടിയോടു കൂടിയ മഴ

Advertising
Advertising

ഇടുക്കിയിലെ ചില പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യുകയാണ്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. ദുരന്തമുണ്ടായ കൊക്കയാറിലും മഴയുണ്ട്.

പാലക്കാട് രണ്ടിടത്ത് ഉരുള്‍പൊട്ടി

പാലക്കാട് മംഗലം ഡാം പരിസരത്ത് രണ്ടിടത്തു ഉരുൾപൊട്ടി. മംഗലം ഡാം വിആർടിയിലും ഓടത്തോട് പോത്തൻതോടിലുമാണ് ഉരുൾപൊട്ടിയത്. അളപായമില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. മലവെള്ളപാച്ചിലിൽ വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കോഴിക്കോട് മലയോരത്ത് കനത്ത ജാഗ്രത

കോഴിക്കോട് ജില്ലയില്‍ മലയോരത്ത് ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ കനത്ത ജാഗ്രത നിർദേശം നൽകി ജില്ലാ കളക്ടർ. കുമാരനെല്ലൂർ, കൊടിയത്തൂർ വില്ലേജുകളാണ് ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളെന്നാണ് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിലയിരുത്തിയത്. റവന്യു വകുപ്പിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഒരുക്കങ്ങൾ ആരംഭിച്ചു.

തൃശൂരിലും ശക്തമായ മഴ

തൃശൂരില്‍ കനത്ത മഴ പെയ്യുകയാണ്. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം നല്‍കി.

കുട്ടനാട്ടില്‍ മടവീഴ്ച

ചമ്പക്കുളം കച്ചക്കോടം മൂലപ്പള്ളിക്കാട്ടെ പാടത്ത് മടവീണു. 156 ഏക്കർ പാടത്തെ നെൽകൃഷി വെള്ളം കയറി നശിച്ചു. കൊയ്യാൻ 10 ദിവസം ബാക്കി നിൽക്കെയാണ് കൃഷിനാശം.

വയനാട്ടില്‍ കനത്ത മഴ

വയനാട്ടില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ കനത്ത മഴ പെയ്യുകയാണ്. സുൽത്താൻ ബത്തേരി ഗാന്ധിജംഗ്ഷൻ, ട്രാഫിക് ജംഗ്ഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട്. കടകളിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വൈത്തിരി താലൂക്കിൽ മൂന്നും മാനന്തവാടി താലൂക്കിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ഇന്ന് ഉച്ച മുതലാരംഭിച്ച മഴ വൈകുന്നേരത്തോടെ കനത്തു. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News