ശക്തമായ മഴ: ജാ​ഗ്രതാ നിർദേശം നൽകി ആരോ​ഗ്യവകുപ്പ്

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം

Update: 2025-05-24 11:36 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കണം പ്രവർത്തിക്കേണ്ടത്. ജലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Advertising
Advertising

മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഗംബൂട്ട്, ഗ്ലൗസ് മുതലായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. കെട്ടി നിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്.

വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവർ ഭക്ഷണം പാകം ചെയ്യുമ്പോൾ രോഗം പടരാൻ സാധ്യതയുള്ളതിനാൽ അവർ ഭക്ഷണം പാകം ചെയ്യാൻ പാടില്ല. അവർ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പർക്കം പുലർത്താതിരിക്കുകയും ചെയ്യണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News