നാട്ടിക അപകടം: ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

അപകടമുണ്ടാക്കിയ ലോറി ഡ്രൈവർ ജോസിന്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നിർദേശം.

Update: 2024-12-13 15:07 GMT

കൊച്ചി: തൃശൂർ നാട്ടികയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടത്തിൽ ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് ലഭിച്ചാൽ മൂന്നു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും നിർദേശം. അപകടമുണ്ടാക്കിയ ലോറി ഡ്രൈവർ ജോസിന്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നിർദേശം. പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.

കേസിലെ രണ്ടാം പ്രതിയാണ് ഡ്രൈവര്‍ ജോസ്. അപകട സമയത്ത് ഒന്നാം പ്രതിയും ക്ലീനറുമായ അലക്സായിരുന്നു ലോറി ഓടിച്ചിരുന്നത്. ഇരുവരും കണ്ണൂർ ആലക്കോട് സ്വദേശികളാണ്. റോഡിനരികില്‍ ഉറങ്ങിക്കിടന്നിരുന്ന നാടോടികളുടെ ദേഹത്തേക്ക് തടിലോറി പാഞ്ഞുകയറിയായിരുന്നു അപകടം. അപകടത്തില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്.

Advertising
Advertising

കണ്ണൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. 10 പേര്‍ അടങ്ങുന്ന നാടോടി സംഘമാണ് റോഡരികില്‍ കിടന്നിരുന്നത്. മദ്യലഹരിയില്‍ ക്ലീനറായിരുന്നു വാഹനമോടിച്ചത്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്യുകയും ഇരുവരും റിമാൻഡിലാവുകയും ചെയ്തിരുന്നു.

നവംബർ 26ന് പുലര്‍ച്ചെയായിരുന്നു അപകടം. പാലക്കാട് ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളായ കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയ ഇവരെ നാട്ടുകാരാണ് പിടികൂടിയത്. ക്ലീനർ അലക്സിന് ഡ്രൈവിങ് ലൈസൻസില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News