''മനുഷ്യാവകാശ ലംഘനങ്ങളെ അഭിമുഖീകരിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല ഞാന്‍'': മഅ്ദനി

''ഇന്ത്യയിലെ ഗ്രാമങ്ങൾ മുതൽ സർക്കാർ ഓഫീസുകൾ വരെ നീചമായ ജാതി വ്യവസ്ഥയുടെ ഇരകളായി ആയിരങ്ങൾ വിവേചനം അനുഭവിക്കുന്നു''

Update: 2021-12-11 01:20 GMT
Editor : ijas

ലോകത്ത് കഠിനമായ മനുഷ്യാവകാശ ലംഘനങ്ങളെ അഭിമുഖീകരിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ ആൾ താനല്ല എന്ന് അബ്ദുന്നാസിര്‍ മഅ്ദനി. സ്റ്റാൻസ്വാമി മുതൽ സഞ്ജീവ് ഭട്ട് ഐപിഎസ് വരെ മനുഷ്യാവകാശ ലംഘനത്തിന്‍റെ ഇരകളാണ്. മനുഷ്യാവകാശ ദിനത്തിൽ പി.ഡി.പി സംഘടിപ്പിച്ച മഅ്ദനി വിമോചന റാലിക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലോക മനുഷ്യാവകാശ ദിനത്തിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഗ്രാമങ്ങൾ മുതൽ സർക്കാർ ഓഫീസുകൾ വരെ നീചമായ ജാതി വ്യവസ്ഥയുടെ ഇരകളായി ആയിരങ്ങൾ വിവേചനം അനുഭവിക്കുന്നു. പോഷകാഹാര കുറവ് കൊണ്ട് പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു. എന്നാൽ പ്രൗഢമായ ഭരണ ശിലാകേന്ദ്രങ്ങളിൽ നമ്മുടെ ഭരണ വർഗ്ഗം മനുഷ്യാവകാശ ചിന്തകൾ അയവിറക്കുകയാണ് എന്ന് അബ്ദുന്നാസിര്‍ മഅ്ദനി പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ മഅ്ദനിക്ക് അവസരം ഉണ്ടാകണം എന്നും അനന്തമായ വിചാരണ മനുഷ്യാവകാശ ലംഘനം ആണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് കമാൽപാഷ വ്യക്തമാക്കി.

പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ മുട്ടം നാസര്‍ അധ്യക്ഷത വഹിച്ച പരിപാടിയിൽ എം നൗഷാദ് എം.എല്‍.എ മനുഷ്യാവകാശ സന്ദേശം നല്‍കി. ജമാഅത്തെ ഇസ്‍ലാമി അസിസ്റ്റന്‍റ് അമീര്‍ എ മുജീബ് റഹ്മാന്‍ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച മഅ്ദനി വിമോചന റാലി ക്വയിലോണ്‍ അത്‌ലറ്റിക് ഗ്രൗണ്ടില്‍ സമാപിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News