എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനം നേടി ഐ.ഐ.എം കോഴിക്കോട്
വർഷങ്ങളായി എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ മൂന്നിൽ ഉണ്ടായിരുന്ന കൽക്കത്ത ഐ.ഐ.എമ്മിനെ പിന്നിലാക്കിയാണ് കാലിക്കറ്റ് ഐ.ഐ.എമ്മിന്റെ നേട്ടം
കോഴിക്കോട്: എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനം നേടിയതിന്റെ പ്രൗഢിയിൽ ഐ.ഐ.എം കോഴിക്കോട്. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളെ പിന്തള്ളിയുള്ള നേട്ടം ഐ.ഐ.എം ഡയറക്ടറുടെയും ജീവനക്കാരുടെയും സമർപ്പണത്തിന്റെ ഫലം കൂടിയാണ്. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള എൻ.ഐ.ആർ.എഫ് 2023 ലെ റാങ്കിങ്ങിലാണ് ഐ.ഐ.എം കാലിക്കറ്റ് മൂന്നാം സ്ഥാനം നേടിയത്. വര്ഷങ്ങളായി എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യമൂന്നിൽ ഉണ്ടായിരുന്ന കൽക്കത്ത ഐ.ഐ.എമ്മിനെ പിന്നിലാക്കിയാണ് കാലിക്കറ്റ് ഐ.ഐ.എമ്മിന്റെ നേട്ടം.
അധ്യാപനം, ഗവേഷണം, ഔട്ട്‌റീച് തുടങ്ങിയ വിഭാഗങ്ങളിലെ മികവ് പരിഗണിച്ചാണ് എൻ.ഐ.ആർ.എഫ് റാങ്കിങ്. ഇന്ത്യൻ ചിന്തകളെ ലോകനിലവാരത്തിലേക്ക് ഉയർത്താനാവശ്യമായ പദ്ധതികൾ തുടരുമെന്ന് കാലിക്കറ്റ് ഐ.ഐ.എം ഡയറക്ടർ പ്രൊഫസർ ദേബാശിശ് ചാറ്റർജി മീഡിയവണ്ണിനോട് പറഞ്ഞു. 'ഇവിടുത്തെ ഓരോ ഇഞ്ച് സ്ഥലത്തിലും ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. വൃത്തിയുള്ള, മനോഹരമായ, പരിസ്ഥിതി സൗഹൃദ കാംപസാണിത്. ലോകനിലവാരത്തിലുള്ള വിദ്യാഭാസമാണ് ഇവിടെ നൽകുന്നത്' ദേബാശിശ് ചാറ്റർജി പറഞ്ഞു.
കാലിക്കറ്റ് ഐ.ഐ.എമ്മിന്റെ അഭിമാനനേട്ടത്തിൽ മീഡിയവണും സന്തോഷം പങ്കുവെച്ചു. കുന്ദമംഗലത്തെ ഐ.ഐ.എം ക്യാമ്പസ്സിൽ എത്തി മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് ഐ.ഐ.എം ഡയറക്ടർ പ്രൊഫസർ ദേബാശിശ് ചാറ്റർജിക്ക് ഉപഹാരം കൈമാറി. ആഗോളതലത്തിലുള്ള ഫിനാൻഷ്യൽ ടൈംസ് റാങ്കിങ്ങിൽ മാനേജ്മന്റ് ഡെവലെപ്‌മെന്റ് പ്രോഗ്രാമിൽ കാലിക്കറ്റ് ഐ.ഐ.എം ഇക്കൊല്ലം 72ആം സ്ഥാനം നേടിയിരുന്നു.