തൃക്കാക്കരയില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന രണ്ടു വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി

സ്വന്തം നിലയ്ക്ക് ശ്വസിക്കുന്നതിനാൽ കുട്ടിയെ ഇന്ന് വെന്‍റിലേറ്ററിൽ നിന്നും മാറ്റിയേക്കും

Update: 2022-02-23 01:19 GMT
Editor : Jaisy Thomas | By : Web Desk

എറണാകുളം തൃക്കാക്കരയിൽ ദേഹമാസകലം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. സ്വന്തം നിലയ്ക്ക് ശ്വസിക്കുന്നതിനാൽ കുട്ടിയെ ഇന്ന് വെന്‍റിലേറ്ററിൽ നിന്നും മാറ്റിയേക്കും. കേസിൽ ഒളിവിലുള്ള കുട്ടിയുടെ മാതൃസഹോദരിയെയും പങ്കാളി ആന്‍റണി ടിജിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

തൃക്കാക്കര സ്വദേശിയുടെ രണ്ടു വയസുകാരിയായ മകളാണ് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിലേറെയായി കുട്ടിക്ക് അപസ്മാരം ഉണ്ടായിട്ടില്ല. അതിനാൽ അപസ്മാരം വരാതിരിക്കാൻ നൽകുന്ന മരുന്നിന്‍റെ അളവ് കുറയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചിട്ടുണ്ട്. കുട്ടി സ്വന്തമായി ശ്വസിക്കുന്നുണ്ടെങ്കിലും ഒക്സിജൻ ഇപ്പോഴും നൽകുന്നുണ്ട്. ഘട്ടംഘട്ടമായി മാത്രമേ ഓക്സിജൻ നൽകുന്നത് നിർത്തുകയൊള്ളൂ. സ്വന്തമായി ശ്വസിക്കുന്നതിന്റെ പുരോഗതി വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഇന്ന് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയേക്കും. കുട്ടിക്ക് രക്തസ്രാവം തുടരുന്നതിനാൽ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റാനും തീരുമാനിച്ചു. എന്നാൽ ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

Advertising
Advertising

അതിനിടെ കുട്ടിയുടെ സംരക്ഷണാവകാശം തനിക്ക് നൽകണമെന്നാവശ്യപ്പെട്ട് നിയമപരമായ നീക്കങ്ങൾക്കൊരുങ്ങുകയാണ് പിതാവ്. കുട്ടിയെ പരിക്കേൽപിച്ചതിൽ മാതൃസഹോദരിയുടെ പങ്കാളിക്ക് മാത്രമല്ല, അമ്മക്കും പങ്കുണ്ടാകാമെന്ന് അച്ഛൻ പറഞ്ഞു. സംഭവം വാർത്തയായതിന് പിന്നാലെ മുങ്ങിയ കുഞ്ഞിന്‍റെ മാതൃസഹോദരിയും പങ്കാളി ആന്‍റണി ടിജിനെയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ചിഡ് ഓഫാണ്. ഇവരെ കണ്ടെത്തിയാൽ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. അതേസമയം കുത്തിന്‍റെ അമ്മയെയും അമ്മൂമ്മയെയും വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കുട്ടിയുടെ ആരോഗ്യം സാധാരണ നിലയിലായാൽ മാത്രമേ ചോദ്യം ചെയ്യലുണ്ടാവൂ. നിലവിൽ അമ്മയും അമ്മൂമ്മയും നൽകിയ മൊഴി വിശ്വാസയോഗ്യമല്ലാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ ആലോചിക്കുന്നത്. കുട്ടി സ്വയം വരുത്തിയ മുറിവുകളാണെന്നായിരുന്നു ഇവർ നൽകിയ മൊഴി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News