സീതത്തോട് ബാങ്കിലെ ക്രമക്കേട്; ഭരണ സമിതിയുടെ വിശദീകരണത്തില്‍ പൊരുത്തക്കേട്

സിപിഎമ്മും ഭരണസമിതിയും അറിയാതെ ഒരു ക്രമക്കേടും നടക്കില്ലെന്ന നിലപാടിൽ തന്നെയാണ് മുന്‍ സെക്രട്ടറി കെ യു ജോസ്

Update: 2021-09-22 01:34 GMT
Editor : Nisri MK | By : Web Desk
Advertising

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ ഭരണ സമിതി നല്‍കിയ വിശദീകരണത്തില്‍ പൊരുത്തക്കേട്. ഡിജിറ്റലായും അല്ലാതെയും രേഖപ്പെടുത്തേണ്ട പണമിടപാട് വിവരങ്ങള്‍ ഓഡിറ്റിംഗില്‍ കണ്ടെത്താനായില്ലെന്നാണ് ഭരണസമിതിയുടെ വാദം. എന്നാല്‍ സിപിഎമ്മും ഭരണസമിതിയും അറിയാതെ ഒരു ക്രമക്കേടും നടക്കില്ലെന്ന നിലപാടിൽ തന്നെയാണ് മുന്‍ സെക്രട്ടറി കെ യു ജോസ്.

സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പിന്നില്‍ മുന്‍ സെക്രട്ടറി കെ.യു ജോസ് മാത്രമാണെന്നാണ് ബാങ്ക് ഭരണ സമിതിയുടെ വിശദീകരണം. ബന്ധുക്കള്‍ക്ക് അനുവദിച്ച ലോണുകള്‍ തിരിച്ചടച്ചതായി വ്യാജ രേഖ നിര്‍മിച്ച് ഇയാള്‍ ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചതായും ഭരണസമിതി പറയുന്നു. ബാങ്കില്‍ രേഖപ്പെടുത്തേണ്ടതും പണം തിട്ടപ്പെടുത്തേണ്ടതുമായ ഇടപാടുകളിലെ ക്രമക്കേടുകള്‍ ഓഡിറ്റിംഗുകളില്‍ കണ്ടെത്താനായില്ലെന്ന വാദവും ഭരണ സമിതി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ രജിസ്റ്ററുകളില്‍ ഡബിള്‍ എന്‍ട്രിയായും കമ്പ്യൂട്ടര്‍ മുഖേനയും ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തേണ്ടപ്പോഴും തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന ഭരണ സമിതിയുടെ വാദമാണ് ജോസിന്‍റെ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നത്.

2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ മുന്‍ ബാങ്ക് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന ജോസ് ഒരു കോടി അറുപത്തി രണ്ട് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതാണ് സഹകരണ വകുപ്പ് കണ്ടത്തിയത്. എന്നാല്‍ ജോയിന്‍റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ നിരവധി വീഴ്ചകള്‍ കണ്ടെത്തിയിട്ടും തനിക്കെതിരെ മാത്രം നടപടി ഉണ്ടായതോടെയാണ് പാര്‍ട്ടിക്കും ഭരണസമിതിക്കുമെതിരെ ജോസ് രംഗത്ത് വന്നത്. അതസമയം സാമ്പത്തിക തട്ടിപ്പിന്മേലുള്ള തുടര്‍ നടപടികളുടെ ഭാഗമായി പത്തനംതിട്ട എസ്പിക്ക് പുറമെ ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലും ജോസിനെതിരെ ഭരണസമിതി പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News