'അന്നെന്ന മുറിയില്‍ പൂട്ടിയിട്ടു; പച്ചവെള്ളം തരില്ലെന്ന് കല്‍പന; രാത്രി ജനാലയിലൊരു വളകിലുക്കം കേട്ടു' അമ്മയെ കുറിച്ചുള്ള ഓര്‍മകളെഴുതി ചെന്നിത്തല

'വീട്ടിൽ കയറ്റരുതെന്ന അച്ഛന്റെ ശാസനയ്ക്കിടെ അടുക്കള വാതിൽ വൈകിയെത്തുന്ന മകനു വേണ്ടി തുറന്നു വെക്കുമായിരുന്നു അമ്മ. അതിൽ നാലഞ്ചു പേർക്കെങ്കിലും ഭക്ഷണം കരുതിയിരിക്കുമായിരുന്നു. കാരണം എന്റെ കൂടെ കൂട്ടുകാരുണ്ടാകുമെന്നും അവർ ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ലെന്നും അമ്മയ്ക്കറിയാം'

Update: 2025-10-23 14:15 GMT

കോഴിക്കോട്: അമ്മയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമ്മയില്ലാത്ത ഭൂമിയിലേക്ക് ഞാൻ ഉണരാൻ തുടങ്ങിയിട്ട് മൂന്നു ദിവസങ്ങളാകുന്നു എന്നു പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പ് വിദ്യാർത്ഥി സംഘടനാകാലത്ത് അച്ഛന്റെ എതിർപ്പിനെ മറികടന്ന് തന്റെ തീരുമാനത്തിനൊപ്പം നിന്ന അമ്മയെ കുറിച്ച് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അമ്മയില്ലാത്ത ഭൂമിയിലേക്ക് ഞാൻ ഉണരാൻ തുടങ്ങിയിട്ട് മൂന്നു ദിവസങ്ങളാകുന്നു.

91 വർഷം നീണ്ട ഒരായുസിന്റെ സന്തോഷങ്ങളും അനുഭവങ്ങളുമാർജിച്ച്, സ്നേഹം വിളമ്പി, എന്റെ മാത്രമല്ല, ഒരുപാടു പേരുടെ അമ്മയായി ആണ് മടക്കമെന്നത് ആശ്വാസം തരുന്നുവെങ്കിലും ഭുമിയിലെ എന്റെ പൊക്കിൾക്കൊടിയാണ് വേർപെട്ടു പോയത് എന്ന വേദന ഇടയ്ക്കിടെ ഇരച്ചു കയറുന്നുണ്ട്.

Advertising
Advertising

ആകാശത്തോളം ഓർമ്മകളാണ്. തിരയിരച്ചു വരുമ്പോലെ ഓർമ്മകളുടെ കടൽ. സ്നേഹസമുദ്രമായിരുന്നു അമ്മ. എന്റെ ഉയർച്ചതാഴ്ചകളിലെല്ലാം കരുത്തോടെ ഒപ്പം നടന്നൊരാൾ. കപ്പൽച്ചേതത്തിൽ പെട്ട നാവികന്റെ അവസാനത്തെ തുരുത്തു പോലെ ഒടുവിൽ വന്നണയാൻ ഒരിടം. ഓർമ്മകളുടെ കുത്തൊഴുക്കാണ്. അതവസാനിക്കുന്നില്ല. വിദ്യാർഥി രാഷ്ട്രീയ പ്രവർത്തന കാലഘട്ടത്തിൽ അച്ഛന്റെ ഉഗ്രശാസനത്തിനും പുത്രസ്നേഹത്തിനുമിടയിൽ പെട്ടുപോയ ഒരമ്മയുണ്ട്. സ്‌കൂളധ്യാപകനും മാനേജരുമായിരുന്ന വി. രാമകൃഷ്ണൻ നായരുടെ മകനെക്കുറിച്ചുള്ള സ്വപ്നങ്ങളും എന്റെ വഴിയും ഒത്തു ചേരാതെ പോയ ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നതിന്റെ ഇടയിൽ അകപ്പെട്ട ഒരാളാണ് എന്റെ ദേവകിയമ്മ. പഠിത്തത്തിൽ മിടുക്കനായിരുന്ന എനിക്ക് പത്താം തരത്തിൽ ഫസ്റ്റ് ക്ളാസ് കിട്ടുമെന്നായിരുന്നു അധ്യാപകരുടെയും സഹപാഠികളുടെയും പ്രതീക്ഷ. എന്നാൽ വിദ്യാർഥി രാഷ്ട്രീയത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോയ എനിക്ക് വെറും അഞ്ചു മാർക്ക് വ്യത്യാസത്തിൽ ആ സ്വപ്നം സഫലീകരിക്കാനായില്ല.

റിസൾട്ട് വന്ന ദിവസം ഇന്നുമോർക്കുന്നു. അച്ഛനും ബന്ധുക്കളും അധ്യാപകരും കുറ്റപ്പെടുത്തുകയാണ്. നിഷ്പ്രയാസം വാങ്ങാമായിരുന്ന ഫസ്റ്റ് ക്ളാസ്, അതുകൊണ്ട് ഗംഭീരമായേക്കാവുന്ന ഭാവി. എല്ലാ കുറ്റപ്പെടുത്തലും കേട്ട് ഹതാശനായിരിക്കുന്ന എന്നെ ഇടയ്ക്കിടെ അമ്മ വന്ന് സാരമില്ല എന്ന മട്ടിൽ ഒന്നു സ്പർശിക്കും. തലയിലൊന്നു തടവും. അത് മതിയായിരുന്നു. അതു മാത്രം മതിയായിരുന്നു എല്ലാ ഊർജവും തിരികെ കിട്ടാൻ.ഇതെല്ലാം കഴിഞ്ഞിട്ടും വിദ്യാർഥി രാഷ്ട്രീയം കളയാതെ കൊണ്ടുനടന്ന എന്നെയോർത്തു അച്ഛൻ വേദനിച്ചു. പലപ്പോഴും അതു കടുത്ത രോഷമായി. അതിനിടയിലെ സമ്മർദ്ദമെല്ലാം ഏറ്റുവാങ്ങിയത് അമ്മയാണ്. വീട്ടിൽ കയറ്റരുതെന്ന അച്ഛന്റെ ശാസനയ്ക്കിടെ അടുക്കള വാതിൽ വൈകിയെത്തുന്ന മകനു വേണ്ടി തുറന്നു വെക്കുമായിരുന്നു അമ്മ. അതിൽ നാലഞ്ചു പേർക്കെങ്കിലും ഭക്ഷണം കരുതിയിരിക്കുമായിരുന്നു. കാരണം എന്റെ കൂടെ കൂട്ടുകാരുണ്ടാകുമെന്നും അവർ ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ലെന്നും അമ്മയ്ക്കറിയാം.

പതിറ്റാണ്ടുകൾക്കു മുമ്പുള്ള ഒരു ദിനം ഓർമ്മയിലിങ്ങനെ മങ്ങാതെ നിൽക്കുന്നു. അന്ന് ഞാൻ പ്രീഡിഗ്രിക്കാണ് എന്നാണ് ഓർമ്മ. രാഷ്ട്രീയപ്രവർത്തനത്തിന് ഇറങ്ങുന്നതിനെതിരെ പലവട്ടം തന്ന ഉഗ്രശാസനങ്ങൾ കേൾക്കാതെ ഞാൻ വിദ്യാർഥി രാഷ്ട്രീയം തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരു ദിനം രോഷം പൂണ്ട അച്ഛൻ എന്നെ മുറിയിൽ പൂട്ടിയിട്ടു. ഒരു നുള്ളു വറ്റു പോലും കൊടുക്കരുതെന്ന ആജ്ഞയും. അടച്ചിട്ട മുറിക്കുള്ളിൽ പെട്ടുപോയി. നേരം വൈകി. വിശപ്പു കൊണ്ട് വയറ് കത്തിക്കാളാൻ തുടങ്ങി. അച്ഛനാണെങ്കിൽ വീട്ടിലുണ്ട്. രാത്രിയായി. പച്ചവെള്ളം കൊണ്ട് വിശപ്പടക്കാൻ നോക്കുമ്പോൾ ജനാലയ്ക്കരികിൽ ഒരു വളകിലുക്കം കേട്ടു.

അമ്മയാണ്. പാത്രം നിറയെ ചോറും കറികളുമായി അമ്മ ജനാലയ്ക്കപ്പുറമുണ്ട്. അവിടെ നിന്ന് അമ്മ പാത്രത്തിൽ ചോറു കുഴച്ച് ഉരുളകളാക്കി ജനാലയഴികളിലൂടെ വായിലേക്കു വെച്ചു തന്നു. ചവയ്ക്കാൻ പോലും നിൽക്കാതെ അതു വിഴുങ്ങി. അമ്മ പിന്നെയും പിന്നെയും തന്നുകൊണ്ടേയിരുന്നു. അത് കഴിക്കുമ്പോൾ ഇരുട്ടത്ത് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അമ്മയറിയുന്നുണ്ടാകും......

Full View


Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News