നേതൃമാറ്റമില്ല: മുസ്‍ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം അടുത്ത മാസം

ഇടക്കാലത്ത് വെച്ച് നേതൃമാറ്റമുണ്ടാകുമെന്ന പ്രചാരണം ശരിയല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Update: 2021-05-22 06:02 GMT
Editor : Suhail | By : Web Desk
Advertising

മുസ്‍ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം അടുത്ത മാസം ആദ്യവാരം ചേരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തുടര്‍ന്ന് മെമ്പര്‍ഷിപ്പ് കാംപയിനും സംസ്ഥാന പുനസംഘടനയുമുണ്ടാകുമെന്നും പി.എം.എ സലാം പറഞ്ഞു. ഉടന്‍ നേതൃതലത്തിൽ അഴിച്ചുപണി നടത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാന ഭാരവാഹി യോഗം നീണ്ടതെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇതിന് ശേഷം മെമ്പര്‍ഷിപ്പ് ക്യാംപയിനും, സംസ്ഥാന കമ്മറ്റി പുനസംഘടനയും ഉണ്ടാകും. മുസ്‍ലിം ലീഗ് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും ഇടക്കാലത്ത് വെച്ച് നേതൃമാറ്റമുണ്ടാകുമെന്ന പ്രചാരണം ശരിയല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

നിക്ഷിപ്ത താത്പര്യക്കാരാണ് നേതൃമാറ്റമെന്ന പ്രചാരണത്തിന് പിന്നിലെന്നും, അത്തരം കാര്യങ്ങള്‍ അജണ്ടയിലില്ലെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതികരണം.

നേതൃമാറ്റമുണ്ടാകുമെന്നതടക്കമുള്ള മുസ്‍ലിം ലീഗിനെതിരായ പ്രചാരണത്തിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തര ഉന്നതാധികാര സമിതിയോഗം ചേര്‍ന്നതെന്നും, സാമൂഹ്യമാധ്യമങ്ങളിലടക്കം പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുള്ള തെറ്റായ പ്രതികരണങ്ങളുണ്ടായാല്‍ നടപടി ഉണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News