അമ്മത്തൊട്ടിലിന്‍റെ സ്നേഹത്തണലിലേക്ക് 589-ാമത്തെ കുരുന്നായി ‘ജവഹർ’

ഒക്ടോബർ, നവംബർ മാസങ്ങളിലായി നാല് കുഞ്ഞുങ്ങളാണ് തിരുവനന്തപുരത്തെ അമ്മത്തൊട്ടിൽ എത്തിയത്

Update: 2023-11-06 13:58 GMT

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്തെ ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നവംബർ മാസത്തിൽ രണ്ടാമത്തെ കുഞ്ഞ്. ഒരു ദിവസം മാത്രം പ്രായവും രണ്ട് കിലോഗ്രാം ഭാരവുമുള്ള ആൺകുഞ്ഞാണ് ഞായറാഴ്ച വൈകുന്നേരം അമ്മത്തൊട്ടിലിൽ എത്തിയത്.


ഒക്ടോബർ, നവംബർ മാസങ്ങളിലായി നാല് കുഞ്ഞുങ്ങളാണ് തിരുവനന്തപുരത്തെ അമ്മത്തൊട്ടിൽ എത്തിയത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ചാച്ചാജിയുടെ ബാല്യകാലം ഓർമിച്ചുകൊണ്ട് കുഞ്ഞിന് “ജവഹർ” എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. നവംബർ ഒന്നിന് കേരള പിറവിദിനത്തിൽ ലഭിച്ച പെൺകുഞ്ഞിന് കേരളീയ എന്നു പേരിട്ടിരുന്നു. ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞ് ആരോഗ്യ പരിശോധനകൾക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ്. 

Advertising
Advertising



2002 നവംബർ 14-ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് അമ്മത്തൊട്ടിലുകൾ വഴി ലഭിക്കുന്ന 589-ാ മത്തെ കുരുന്നാണ് ജവഹർ. ഈ വർഷം വിദേശത്തേക്ക് 10 കുട്ടികൾ ഉൾപ്പെടെ ഇതുവരെയായി 49 കുട്ടികളെയാണ് അനാഥത്വത്തിൽ നിന്നും സനാഥത്വത്തിലേക്ക് മാതാപിതാക്കളൊടൊപ്പം കൈപിടിച്ച് സമിതി യാത്രയാക്കിയത്.


കുഞ്ഞിൻറെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News