കെ. റെയിൽ പദ്ധതി നിർത്തി വെക്കണമെന്ന് വെൽഫെയർ പാർട്ടി

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള വിശദമായ പഠനത്തിനു ശേഷവും പദ്ധതി ആവശ്യമെങ്കിൽ കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ പുനരധിവാസവും പൂർണതോതിൽ പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായാൽ മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കാവൂ

Update: 2021-06-14 13:38 GMT
Editor : ubaid | By : Web Desk
Advertising

തിരുവനന്തപുരം: കെ. റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക സാമൂഹ്യ ആഘാതങ്ങളും ഫീസിബിലിറ്റിയും കൃത്യമായി പഠിക്കാതെ നിർമ്മാണ പ്രവർത്തനങ്ങളും ഭൂമി ഏറ്റെടുക്കലും ആരംഭിക്കുന്നത് നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള വിശദമായ പഠനത്തിനു ശേഷവും പദ്ധതി ആവശ്യമെങ്കിൽ കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ പുനരധിവാസവും പൂർണതോതിൽ പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായാൽ മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കാവൂ. പദ്ധതിയുമായി ബന്ധപ്പെട്ട ആലോചനയുടെ തുടക്കത്തിൽതന്നെ കേരളത്തിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ധാരാളം പ്രശ്നങ്ങളെ കുറിച്ച് സാമൂഹികപ്രവർത്തകരും സംഘടനകളും ആശങ്ക പങ്കുവച്ചിരുന്നു. എന്നാൽ അവയെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്താനോ ആശങ്ക ദൂരീകരിക്കാനോ സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

നിലവിൽ ജനജീവിതത്തെ സാരമായി ബാധിക്കുന്ന രീതിയിലാണ് കെ റെയിൽ പദ്ധതിയുടെ അലൈൻമെൻറ് തയ്യാറാക്കിയിട്ടുള്ളത്. ഭൂക്ഷാമം നേരിടുന്ന കേരളത്തിൽ പദ്ധതിയിലൂടെ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് മതിയായ പുനരധിവാസം ഉറുപ്പു വരുത്തൽ അത്ര എളുപ്പമല്ല. കഴിഞ്ഞ വർഷങ്ങളിൽ വലിയ രണ്ട് പ്രളയത്തെ നേരിട്ട കേരളത്തിന്റെ പരിസ്ഥിതി അസന്തുലിതമായി മാറിക്കൊണ്ടിരിക്കുകയാണ്. മലയോര പ്രദേശത്തെ തുടർച്ചയായ ഉരുൾപൊട്ടലും തീരപ്രദേശത്ത് ഉണ്ടാകുന്ന നിരന്തര കടൽക്ഷോഭവും കേരളത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്ക്കും പഠനത്തിനും അധികൃതർ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ ശ്രമിക്കുന്നത് സ്വാഭാവികമായും ജനങ്ങൾ ശക്തമായി പ്രതിരോധിക്കും. അത്തരം സാഹചര്യമൊഴിവാക്കാനും പ്രത്യാഘാതങ്ങൾ പരമാവധി കുറഞ്ഞ പദ്ധതികൾക്കുമാണ് കേരളം വലിയതോതിൽ കടക്കെണിയിലായ ഈ സാഹചര്യത്തിൽ സർക്കാർ മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News