​കെ. സുധാകരൻ ഇന്ന് അമേരിക്കയിലേക്ക്; പകരക്കാരനെ ചുമതലപ്പെടുത്താത്തതിൽ കെപിസിസിയിൽ അതൃപ്തി

15 ദിവസത്തേക്കാണ് സുധാകരൻ ചികിത്സക്കായി പോകുന്നത്

Update: 2023-12-31 04:38 GMT
Advertising

തിരുവനന്തപുരം: അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പകരം മറ്റൊരാൾക്ക് താൽക്കാലിക ചുമതല നൽകാത്തതിൽ കോൺഗ്രസിൽ അതൃപ്തി. 15 ദിവസത്തേക്കാണ് സുധാകരൻ ചികിത്സക്കായി പോകുന്നത്.

ഈ ദിവസങ്ങളിൽ പ്രസിഡന്റിന്റെ ചുമതല ആർക്കെങ്കിലും നൽകണമെന്ന് ഇന്നലെ നടന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ, ഈ ആവശ്യം കെ. സുധാകരൻ തള്ളി.

അമേരിക്കയിലിരുന്ന് തന്നെ തനിക്ക് കാര്യങ്ങൾ ഏകോപിപ്പിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പഴയ കാലമല്ല ഇതെന്നും ഓൺലൈനിലൂടെ ചർച്ചകൾ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം കൂടുമ്പോൾ യോഗം ചേരാമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 21ന് കാസർകോട് മുതൽ സമരാഗ്നി എന്ന പേരിൽ കെപിസിസിയുടെ രാഷ്ട്രീയ ജാഥ നടത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമാണ് ജാഥ നയിക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങൾ അടക്കം നടത്താൻ താൽക്കാലിക ചുമതല ആർക്കെങ്കിലും നൽകണമെന്നാണ് യോഗത്തിൽ ചില നേതാക്കാൾ ഉന്നയിച്ചത്.

ഈ വിഷയം ഇവർ ഹൈകമാൻഡിൽ അറിയിക്കാനും സാധ്യതയുണ്ട്. ഞായറാഴ്ച യാത്ര തിരിക്കുന്ന സുധാകരൻ ജനുവരി 16നാണ് തിരിച്ചെത്തുക.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News