കെ കെ ശൈലജക്ക് വോട്ട് അഭ്യർഥിച്ച് കമൽ ഹാസൻ

കേന്ദ്രത്തിനെതിരെ പോരാടാൻ കെ കെ ശൈലജ പാർലമെന്റിലെത്തണമെന്ന് കമൽ ഹാസൻ

Update: 2024-03-29 09:42 GMT
Editor : ശരത് പി | By : Web Desk
Advertising

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥിയായ കെ കെ ശൈലജക്ക് വോട്ട് അഭ്യർത്ഥിച്ച് കമൽ ഹാസൻ. കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം പുറത്തുവിട്ട വിഡിയോയിലൂടെയാണ് താരം മുൻ ആരോഗ്യമന്ത്രിക്ക് വോട്ട്  അഭ്യർഥിച്ചത്.

ലോകം പകച്ച് നിന്ന കാലത്ത് കരുത്തും നേതൃപാടവവും കാഴ്ച വച്ച നേതാവാണ് കെ കെ ശൈലജയെന്ന് പറഞ്ഞ കമൽ ഹാസൻ, കേരളം, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾ കേന്ദ്ര അവഗണന നേരിടുന്നുവെന്നും, ഇതിനെതിരെ പോരാടാൻ ശൈലജയെ പോലുള്ളവർ പാർലമെന്റിലെത്തണമെന്നും പറഞ്ഞു.

വടകരയിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് തുടങ്ങുന്ന വിഡിയോയിൽ കമൽ ഹാസൻ മലയാളത്തിലാണ് സംസാരിക്കുന്നത്.

2018ൽ കോഴിക്കോട് നിപ്പ വൈറസ് പടർന്നപ്പോൾ കോഴിക്കോട് കാമ്പ് ചെയ്ത് പ്രവർത്തിച്ച കെ കെ ശൈലജ മാതൃകാപരമായാണ് പ്രവർത്തിച്ചത്. ഇതിലും മികച്ചതായിരുന്നു കൊവിഡ് കാലത്തെ കെ കെ ശൈലജയുടെ ആരോഗ്യമന്ത്രി എന്ന നിലയിലെ പ്രവർത്തനങ്ങൾ. കൊവിഡ് നിയന്ത്രണത്തിൽ കേരളം രാജ്യത്തിന് മാതൃകയാവാൻ കാരണം കെ കെ ശൈലജയാണ്. ലോകാരോഗ്യസംഘടനയും സെൻട്രൽ യൂറോപ്യൻ ഹെൽത്ത് യൂണിവേഴ്‌സിറ്റിയും ശൈലജയുടെ പ്രവർത്തനരീതിയെ അഭിനന്ദിച്ചത് കമൽ ഹാസൻ പ്രത്യേകം എടുത്തുപറഞ്ഞു.

കെ കെ ശൈലജക്ക് വിജയാശംസകൾ നേർന്നാണ് കമൽ ഹാസന്റെ വിഡിയൊ അവസാനിക്കുന്നത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News