ഗവർണർ ഏത് ലോകത്താണ് ജീവിക്കുന്നത്; നിയമം നടപ്പാക്കാനും അറിയാമെന്ന് കാനം

ഗവർണർ ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ അപ്പോൾ നോക്കാം.

Update: 2022-11-22 08:15 GMT
Advertising

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന നിയമം നടപ്പാക്കും.

ഗവർണർ ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ അപ്പോൾ നോക്കാം. ഗവർണർ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും കാനം ചോദിച്ചു.

കേന്ദ്രത്തിന്റെ ഏജന്റായി ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കാനം നേരത്തെ പറഞ്ഞിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെയും തകര്‍ക്കാന്‍ നീക്കം നടക്കുകയാണ്. വി.സിമാരെ നിയമിച്ചത് ചാന്‍സലറായ ഗവര്‍ണറാണ്.

ഏതോ വിധിയുടെ അടിസ്ഥാനത്തില്‍ 11 വൈസ്ചാന്‍സലര്‍മാരെയും നീക്കാന്‍ പറയുന്നതെന്തിനാണെന്നും കാനം ചോദിച്ചിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും മാറ്റാനുള്ള തീരുമാനം ജനങ്ങള്‍ അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമവകുപ്പ് തയ്യാറാക്കി തുടങ്ങി. അടുത്താഴ്ചയോടെ ബില്‍ തയാറാവും. സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് നിയമം തയ്യാറാക്കുന്നത്. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാന്‍ സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും ചെലവ് കണ്ടെത്തുക.

കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബിൽ തയാറാക്കാൻ മന്ത്രിസഭ നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമ വകുപ്പ് നടപടികളിലേക്ക് കടന്നത്. ആർട്സ് ആന്‍റെ സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍ ഉണ്ടാവും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News