'മത അധ്യക്ഷന്മാര്‍ മാര്‍പാപ്പയെ മാതൃകയാക്കുക'; പാലാ ബിഷപ്പിനെതിരെ കാനം രാജേന്ദ്രന്‍

നാർക്കോട്ടിക് ജിഹാദ് പരാമർശം ക്രൈസ്തവ പാരമ്പര്യങ്ങൾക്ക് ചേർന്നതല്ലെന്നും ബി.ജെ.പിക്ക് ഊർജ്ജം പകരുന്ന പ്രസ്താവനയാണ് പാലാ ബിഷപ്പ് നടത്തിയതെന്നും കാനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Update: 2021-09-15 10:27 GMT
Advertising

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നാർക്കോട്ടിക് ജിഹാദ് പരാമർശം ക്രൈസ്തവ പാരമ്പര്യങ്ങൾക്ക് ചേർന്നതല്ലെന്നും ബി.ജെ..പിക്ക് ഊർജ്ജം പകരുന്ന പ്രസ്താവനയാണ് പാലാ ബിഷപ്പ് നടത്തിയതെന്നും കാനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

വിഭജനത്തിനെതിരായ സന്ദേശം നല്‍കുന്നതിന് പകരം മതനേതാക്കളുടെ നാവുകളില്‍ നിന്ന് വിഭജനം ഉണ്ടാകുന്നതരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഓര്‍മ്മിക്കുകയാണ് മത മേലധ്യക്ഷന്മാര്‍ ചെയ്യേണ്ടതെന്നും കാനം പറയുന്നു. ഇതു സംബന്ധിച്ച എല്ലാ വിവാദങ്ങളും അവസാനിപ്പിക്കാനും മതസൗഹാര്‍ദ്ദത്തിന്‍റെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായും കാനം രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം, 

മതഅധ്യക്ഷൻമാർ മാർപാപ്പയെ മാതൃകയാക്കുക

പാലാ ബിഷപ്പ് മാര്‍ജോസഫ് കല്ലറക്കാട്ട് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം കേരള സമൂഹത്തിനും ക്രൈസ്തവ പാരമ്പര്യങ്ങള്‍ക്കും ചേര്‍ന്നതല്ല. കേരളത്തിൻ്റെ മതേതര മനസ്സ് ഇന്ത്യയ്ക്കു തന്നെ മാതൃകയാണ്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളെ മതത്തിൻ്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി രംഗത്തു വന്നിട്ടുള്ള ബിജെപിയ്ക്ക് ഊര്‍ജ്ജം പകരാന്‍ ഉതകുന്ന പ്രസ്താവനയാണ് നിര്‍ഭാഗ്യവശാല്‍ പാലാ ബിഷപ്പില്‍ നിന്നുണ്ടായിരിക്കുന്നത്. ക്രിസ്ത്യന്‍ മതന്യൂനപക്ഷം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ സമൂഹത്തില്‍ കെട്ടുകഥകള്‍ പ്രചരിപ്പിക്കുക, വിഷലിപ്തമായ കള്ളപ്രചാരങ്ങള്‍ അഴിച്ചുവിടുക എന്നത് സംഘപരിവാറിൻ്റെ അജണ്ടയാണ് ഇതിൻ്റെ ഭാഗമായി കേരളത്തിലെ മതസമൂഹങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യവുമായിട്ടാണ് മാര്‍ജോസഫ് കല്ലറക്കാട്ടിൻ്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി രംഗത്തു വന്നിരിക്കുന്നത്. ഒറീസയിലെ ഖാണ്ഡമാലിൽ നിരപരാധികളായ ക്രിസ്തുമത വിശ്വാസികളെ ചുട്ടുകൊല്ലുമ്പോഴും ഭീകരമായി ആക്രമിക്കുമ്പോഴും ഉഡുപ്പിയിലെ ക്രിസ്ത്യന്‍ ആരാധനാലയം ആക്രമിക്കപ്പെട്ടപ്പോഴും ഇപ്പോള്‍ ഈ പ്രസ്താവനയ്ക്ക് പിന്തുണയുമായി രംഗത്തു സജീവമായി നിലയുറപ്പിച്ചിരിക്കുന്നു. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ അന്നത്തെ നിലപാടുകള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

മതനേതാക്കളുടെ നാവുകളില്‍ നിന്ന് വിഭജനം ഉണ്ടാകുന്നതരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇത്തരുണത്തില്‍ അഭിവന്ദ്യരായ മതമേലദ്ധ്യക്ഷന്മാര്‍ സ്മരിക്കേണ്ടാതാണ്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് എക്കാലവും മതനിരപേക്ഷതയ്ക്കും മത സൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊണ്ട പാരമ്പര്യമാണുള്ളത്. മതമേലദ്ധ്യക്ഷന്മാര്‍ വിഭജനത്തിൻ്റെ സന്ദേശമല്ല നല്‍കേണ്ടത്. സ്നേഹത്തിൻ്റെയും സൗഹാര്‍ദ്ദത്തിൻ്റെയും സാന്ത്വനത്തിൻ്റെയും നല്ലവാക്കുകളാണ് മതമേലദ്ധ്യക്ഷന്മാരില്‍ നിന്നും പൊതു സമൂഹം പ്രതീക്ഷിക്കുന്നത്. ഇതേക്കുറിച്ചുള്ള എല്ലാ വിവാദങ്ങളും അവസാനിപ്പിക്കാനും മതസൗഹാര്‍ദ്ദ ത്തിൻ്റെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ ബന്ധപ്പെട്ട എല്ലാപേരോടും അഭ്യര്‍ത്ഥിക്കുന്നു - കാനം രാജേന്ദ്രൻ

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News