'അമിത് ഷായുമായുള്ള കൂടിക്കാഴ്ച, നിർമല സീതാരാമന് പ്രഭാത വിരുന്ന്'; പിണറായി വിജയനോട് കെ.സി വേണുഗോപാലിന്റെ 10 ചോദ്യങ്ങൾ

സിപിഎം- ബിജെപി ഡീൽ ആരോപണമാണ് കെ.സി വേണു​ഗോപാൽ ഉന്നയിക്കുന്നത്

Update: 2026-04-07 07:02 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയും ധനമന്ത്രി നിർമല സീതാരാമന് പ്രഭാത വിരുന്ന് നൽകിയതും അടക്കമുള്ള കാര്യങ്ങളാണ് കെ.സി വേണുഗോപാൽ ഉന്നയിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം


കേരളം വീണ്ടും ഒരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ കഴിഞ്ഞ പത്തുവർഷത്തെ താങ്കളുടെ ഭരണത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഒരുപിടി ചോദ്യങ്ങളുണ്ട് കേരളത്തിലെ ജനങ്ങളുടെ മനസിൽ. അതിൽ കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്ന 10 ചോദ്യങ്ങൾ ഈ തുറന്ന കത്തിലൂടെ ഉന്നയിക്കുന്നു. ഇതിന് താങ്കൾ ഉത്തരം പറയുമെന്നു പ്രതീക്ഷിക്കുന്നു.

Advertising
Advertising
  • ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയിൽ താങ്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജണ്ട എന്തായിരുന്നു? അവിടെയാണോ 'ഡീൽ' രൂപപ്പെട്ടത് ?
  • ഡൽഹിയിൽ കേരള ഹൗസിൽ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് താങ്കൾ പ്രഭാത ഭക്ഷണ വിരുന്ന് നൽകിയത് എന്ത് 'ഡീൽ' ഉറപ്പിക്കാനായിരുന്നു ?
  • കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി താങ്കൾ ഡൽഹിയിൽ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ, ഡൽഹിക്ക് പുറത്ത് താങ്കൾ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ ? എന്തിനായിരുന്നു അത്? അത് ഡീലിന്റെ ഭാഗമായിരുന്നോ?
  • പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിനെതിരെ സിപിഐയുടെയും അവരുടെ മന്ത്രിമാരുടെയും പരസ്യ എതിർപ്പിനെ മറികടന്ന് ബിജെപിയുമായി ധരാണയിലെത്തി കരാറിൽ ഏർപ്പെട്ടതു എന്തു 'ഡീൽ' ? സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തി പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ വാശിപിടിച്ചത് ആരുടെ താത്പര്യം സംരക്ഷിക്കാൻ? ആരുടെ തടി രക്ഷപ്പെടുത്താൻ? ബിജെപിയുമായി രഹസ്യ ധാരണയിലെത്തിയ ശേഷം സിപിഐ സംസ്ഥാന നേതൃത്വത്തെ എന്തിനാണ് കബളിപ്പിച്ചത്?
  • കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർകോഡ് വിഷയത്തിലും എൽഡിഎഫിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ അതീവ രഹസ്യമായി ലേബർ കോഡിനു ചട്ടങ്ങൾ രൂപീകരിക്കുകയും നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തത് ആരെ പേടിച്ചാണ്? തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായ താങ്കൾ ലേബർ കോഡിന്റെ ചുവടുപിടിച്ച് തൊഴിലാളി യൂണിയനകളുടെ രജിസ്‌ട്രേഷൻ ഫീസ് ആയിരം രൂപയിൽ നിന്ന് 10000 രൂപയാക്കിയില്ലേ? ഇത് ആരെ തൃപ്തിപ്പെടുത്താനാണ്?
  • താങ്കൾ പ്രതിസ്ഥാനത്തുള്ള എസ്എൻസി ലാവ്ലിൻ കേസിൽ സുപ്രിംകോടതിയിലെ വിചാരണ നടപടികൾ രാജ്യത്തിന്റെ നിയമചരിത്രത്തിൽ തന്നെ അത്ഭുതം സൃഷ്ടിച്ചു 40 ലേറെ തവണ മാറ്റി വയ്ക്കുന്നതിനു കേന്ദ്ര സർക്കാർ വഴിയൊരുക്കുന്നതു താങ്കൾക്കുള്ള പാരിതോഷികമോ, 'ഡീലി'ന്റെ ബോണസോ? താങ്കൾ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ ആശയങ്ങളും നയങ്ങളും ബലി കൊടുത്തു
  • പ്രധാനമന്ത്രി മോദിയോട് അങ്ങേയറ്റം വിധേയത്വം കാട്ടുന്നതു കേസുകൾ ഒഴിവാക്കിയെടുത്തു താങ്കളുടെ കുടുംബ താത്പര്യം സംരക്ഷിക്കാനല്ലേ? മോദി എന്ന് പേരെടുത്തു പറഞ്ഞു വിമർശിക്കാൻ താങ്കൾ പേടിക്കുന്നതും അതുകൊണ്ടല്ലേ?
  • കരിമണൽ മാസപ്പടി കേസിൽ എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണം മരവിപ്പിക്കാൻ കേന്ദ്ര സർക്കാരുമായി താങ്കൾ നടത്തിയ 'ഡീലി'ന്റെ വ്യവസ്ഥകൾ പുറത്തു പറയാവുന്നവയാണോ? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപിക്കായി കോടികൾ കൊണ്ടുവന്ന കൊടകര കുഴൽപ്പണക്കേസ് അട്ടിമറിക്കപ്പെട്ടതുമായി ഇതിനു ബന്ധമുണ്ടോ? താങ്കളുടെ മകനെതിരെ വന്ന ഇഡി നോട്ടീസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?
  • ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും പിന്നീട് അതിലൂടെ തൃശൂർ പൂരം അട്ടിമറിച്ചു തൃശൂർ ലോക്‌സഭാ സീറ്റിൽ ബിജെപിയ്ക്ക് വിജയിക്കാൻ സാഹചര്യം ഒരുക്കിയെന്നും ഗുരുതര ആരോപണം നേരിട്ട എഡിജിപി എം.ആർ അജിത്കുമാറിനെ ഇപ്പോഴും ചേർത്തുപിടിക്കുന്നത് ആരുടെ നിർദേശ പ്രകാരം? ആരുടെ താത്പര്യം സംരക്ഷിക്കാൻ?
  • തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലിൽ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ താങ്കളും ബിജെപി നേതാക്കളും തമ്മിലുണ്ടാക്കിയ ധാരണ എന്ത്? അതിന്റെ വിശദാംശങ്ങൾ ജനങ്ങളോടു വെളിപ്പെടുത്താൻ ആർജവമുണ്ടോ?
  • താങ്കളുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പ്രതിയായ സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകളിൽ കേന്ദ്ര അന്വേഷണം പാതിവഴിയിൽ നിലച്ചുപോയത് ആര് ഇടപെട്ടിട്ടാണ്? എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കെതിരെ താങ്കളുടെ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ മോഹനൻ കമ്മീഷന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? ബിജെപിയുമായി ഡീൽ ഉണ്ടാക്കിയ ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അല്ലേ കമ്മീഷനെ നിയമിച്ചത്?
Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Similar News