'വിദ്വേഷം പ്രചരിപ്പിക്കുന്ന രാഷ്ട്രീയക്കാരെ നിയന്ത്രിക്കണം'; മണിപ്പൂർ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി കെ.സി.ബി.സി

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളും പീഡനങ്ങളും കെ.സി.ബി.സി വർഷകാല സമ്മേളനം വിലയിരുത്തിയതായി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു

Update: 2023-06-08 12:53 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: മണിപ്പൂരിൽ തുടരുന്ന വർഗീയ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ(കെ.സി.ബി.സി). മണിപ്പൂരിൽ എത്രയും വേഗം സമാധാനം ഉറപ്പുവരുത്തണം. വർഗീയ വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തിൽ അരക്ഷിതാവസ്ഥ പ്രചരിപ്പിക്കുന്ന രാഷ്ട്രീയക്കാരെ നിയന്ത്രിക്കണമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ആവശ്യപ്പെട്ടു.

കെ.സി.ബി.സിയുടെ മൂന്നു ദിവസം നീണ്ട വർഷകാല സമ്മേളത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മണിപ്പൂർ സംഘർഷത്തിൽ മെത്രാൻ സമിതി ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളും പീഡനങ്ങളും സമ്മേളനം വിലയിരുത്തിയതായി ഫാ. ജേക്കബ് അറിയിച്ചു.

മണിപ്പൂരിൽ ഇപ്പോഴും നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ കേരള കത്തോലിക്കാസഭയുടെ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. സംഘർഷാവസ്ഥയിൽ ദുരിതം അനുഭവിക്കുന്ന എല്ലാ സഹോദരീസഹോദരന്മാരോടും മെത്രാൻ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വർഗീയ വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രവർത്തകരെ നിയന്ത്രിക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മണിപ്പൂരിൽ എത്രയുംവേഗം സമാധാനം ഉറപ്പുവരുത്തണമെന്നും സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

Full View

ദലിത് ക്രൈസ്തവർക്ക് സംവരണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പട്ടികജാതി, വിഭാഗത്തിൽനിന്ന് ക്രിസ്തുമതവിശ്വാസം സ്വീകരിച്ചവർക്ക്് പട്ടികജാതി സംവരണം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന ഉൾപ്പെടെ 12 സംസ്ഥാനങ്ങൾ പ്രമേയം പാസാക്കി കേന്ദ്രസർക്കാരിനോട് ശിപാർശ ചെയ്തിട്ടുണ്ട്. ഇതുപോലെ കേരള സർക്കാരും ദലിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം നൽകണമെന്ന പ്രമേയം പാസാക്കി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നും മെത്രാൻ സമിതി അഭ്യർഥിച്ചു.

Summary: Kerala Catholic Bishops Council (KCBC) Annual Conference expressed concern over the ongoing communal conflict in Manipur

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News