കെജ്‍രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷത്തെ തകർക്കാനുള്ള ബിജെപി പദ്ധതിയുടെ ഭാഗം-വെൽഫെയർ പാർട്ടി

''രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ടിൽ നാണംകെട്ട് രാജ്യത്തിനു മുന്നിൽ നഗ്നരായി നിൽക്കുന്ന ബിജെപി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത് തന്നെ അങ്ങേയറ്റം അപഹാസ്യമാണ്''

Update: 2024-03-21 18:27 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ഉടനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇ.ഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത കേന്ദ്രസർക്കാർ നടപടി പ്രതിപക്ഷത്തെ ഇല്ലാതാക്കി അനായാസം തെരഞ്ഞെടുപ്പ് വിജയം നേടാനുള്ള ബിജെപി- ആർഎസ്എസ് പദ്ധതിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് വിജയിക്കാനുള്ള ആത്മവിശ്വാസവും ജനാധിപത്യ ബോധവും സംഘപരിവാറിന്നില്ല. അതിനാൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ തകർത്ത് അവരുടെ മത്സരശേഷിയെ ഇല്ലാതാക്കുക എന്ന കുടില തന്ത്രമാണ് ബിജെപി ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പണം കൊടുത്ത് മറ്റ് പാർട്ടി നേതാക്കളെ വിലക്കെടുത്തും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പ്രതിപക്ഷ പാർട്ടികളിൽ നിന്ന് നേതാക്കളെ രാജിവെപ്പിച്ചും ഏതുവിധേനയും തെരഞ്ഞെടുപ്പ് വിജയം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും ബന്ദിയാക്കിയാണ് ഈ ജനാധിപത്യ കൊല സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരെ അതിശക്തമായ തെരുവ് പ്രക്ഷോഭമല്ലാതെ മറ്റൊരു മാർഗ്ഗവും രാജ്യത്തിനു മുന്നിൽ ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ടിൽ നാണംകെട്ട് രാജ്യത്തിനു മുന്നിൽ നഗ്നരായി നിൽക്കുന്ന ബിജെപി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത് തന്നെ അങ്ങേയറ്റം അപഹാസ്യമാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിർവീര്യമാക്കാൻ നടത്തുന്ന ബി.ജെ.പി ശ്രമത്തിനെതിരെ വൻ ബഹുജന മുന്നേറ്റത്തിന് ജനാധിപത്യ പ്രവർത്തകർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Summary: Kejriwal's arrest is part of BJP's plan to crush opposition-welfare partyKejriwal's arrest is part of BJP's plan to crush opposition-welfare party

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News