കേരളത്തില്‍ വാരാന്ത്യ നിയന്ത്രണം ഉള്‍പ്പെടെ പരിഗണനയില്‍; കോവിഡ് അവലോകന യോഗം നാളെ

സ്‍കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്നും നിര്‍ദേശമുണ്ട്

Update: 2022-01-13 02:23 GMT
Advertising

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യ നിയന്ത്രണം അടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണനയിലുണ്ട്. സ്‍കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി. ഒമിക്രോൺ കേസുകളിലടക്കം വർധനയുണ്ടാകുന്നതിനാൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.

കേരളത്തില്‍ വീണ്ടും പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിനു മുകളിലെത്തി. ഇന്നലെ 12,742 പേർക്കാണ് രോഗം സ്ഥികരീകരിച്ചത്. ഇന്നലെ 17.05 ആയിരുന്നു ടി.പി.ആര്‍. തിരുവനന്തപുരത്തെയും എറണാകുളത്തെയും സാഹചര്യം ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലും എൻജിനീയറിങ് കോളജിലും പുതിയ കോവിഡ് കസ്റ്ററുകൾ രൂപപ്പെട്ടു.

ഒമിക്രോണ്‍ രോഗികളുടെ എണ്ണവും സംസ്ഥാനത്ത് കൂടുകയാണ്. ഇന്നലെ 76 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 421 ആയി. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളജിൽ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നു മാത്രമല്ല ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ് ബാധയും ആശങ്കയുണ്ടാക്കുന്നുണ്ട്.

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. തുടർച്ചയായി ആറ് ദിവസത്തിലേറെ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം രണ്ട് ലക്ഷത്തോട് അടുത്തെത്തുകയും ചെയ്തു. പ്രതിദിന കോവിഡ് കേസുകൾ ഇന്ന് രണ്ട് ലക്ഷം കടന്നേക്കും. ഇതോടെയാണ് കോവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുന്നത്. വരും ദിവസങ്ങളിൽ കോവിഡ് ഗണ്യമായി ഉയരുമെന്ന് ദേശീയ സങ്കേതിക ഉപദേശക സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടി പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ചർച്ച ചെയ്യും. രാജ്യവ്യാപക ലോക്ക്ഡൗണിന് പകരം സംസ്ഥാന തലത്തിൽ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. മഹാരാഷ്ട്രയടക്കം രോഗതീവ്രത കൂടിയ സംസ്ഥാനങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകും. ആശുപത്രികളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനൊപ്പം ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറയും. കേരളത്തിലെ സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ രോഗത്തിൽ വിശദീകരിക്കും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News