യാത്രാനിരക്ക് കൂട്ടാതെ പിന്നോട്ടില്ല; സമരം തുടരുമെന്ന് സ്വകാര്യ ബസുടമകൾ

ഗതികേട് കൊണ്ടാണ് സമരം നടത്തുന്നതെന്നും സർക്കാറിനോടുള്ള ഏറ്റുമുട്ടലല്ലെന്നും ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

Update: 2022-03-26 10:48 GMT
Advertising

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരും. യാത്രാ നിരക്ക് കൂട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ബസുടമകളെ ചർച്ചയ്ക്ക് വിളിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ഗതികേട് കൊണ്ടാണ് സമരം നടത്തുന്നതെന്നും സർക്കാറിനോടുള്ള ഏറ്റുമുട്ടലല്ലെന്നും ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രതിനിധികള്‍ വ്യക്തമാക്കി.

സമരം അതിജീവന പോരാട്ടമാണ്. സർക്കാറിനോട് ഏറ്റുമുട്ടുന്നുവെന്ന് പറഞ്ഞ് തങ്ങളെ ജനവിരുദ്ധരായാണ് മന്ത്രി ചിത്രീകരിക്കുന്നതെന്നും ബസുടമകള്‍ കൂട്ടിച്ചേര്‍ത്തു. ഗതാഗതവകുപ്പ് മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിതെന്നും മന്ത്രിക്ക് ചിറ്റമ്മ നയമാണെന്നും ബസുടമകള്‍ ആരോപിച്ചു.  

സമര ദിവസങ്ങളിൽ കെ.എസ്.ആര്‍.ടി.സിയിൽ വിദ്യാഥികൾക്ക് കൺസഷൻ ടിക്കറ്റിൽ എന്തുകൊണ്ട് സർക്കാർ യാത്ര അനുവദിക്കുന്നില്ല, മന്ത്രി അതിന് തയ്യറാകണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. 30ാം തീയതി ഇടതുമുന്നണി യോഗം ചേരുമ്പോൾ എല്ലാ ജില്ലയിലും പ്രതിഷേധം നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി.

യാത്രാ ദുരിതം ഇരട്ടിയാക്കിയാണ് സ്വകാര്യ ബസ് സമരം തുടരുന്നത്. പരീക്ഷാ കാലമായതിനാൽ വിദ്യാർഥികളെ ആണ് സമരം കാര്യമായി ബാധിച്ചത്. തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്ന് ജനങ്ങള്‍ പറയുന്നു. ഗ്രാമീണ മേഖലയിലും വാഹനങ്ങള്‍ കിട്ടാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. 

അതേസമയം, സമരം ചെയ്യുന്ന ബസുടമകളുമായി സർക്കാർ ചർച്ച നടത്താത്തതിനാൽ സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സാധാരണക്കാരന്റെ ദുരിതത്തെ സർക്കാർ അവഗണിക്കുകയാണ്. പൊതുഗതാഗതം സിൽവർ ലൈൻ മാത്രമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും വി.ഡി സതീശൻ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News