Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല. രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നല്‍കിയെന്നും വി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.
അതേസമയം, സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. വിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതിയെ വിമര്‍ശിച്ചുള്ള സിന്‍ഡിക്കേറ്റ് അംഗം ആര്‍.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.