കേരള വർമ കോളജ് തെരഞ്ഞെടുപ്പ്; കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നിരാഹാര സമരത്തിലേക്ക്

റീകൗണ്ടിങ് അട്ടിമറിച്ചെന്നാരോപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി

Update: 2023-11-02 10:48 GMT
Advertising

തൃശൂർ: കേരള വർമ കോളജിൽ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നരോപിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നിരാഹാര സമരമിരിക്കും. വൈകീട്ട് ഏഴ് മണിക്ക് തൃശൂർ കോർപ്പറേഷൻ ഓഫീസിന് സമീപത്താണ് സമരം.

റീകൗണ്ടിങ് അട്ടിമറിച്ചെന്നാരോപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചിൻ ദേവസ്വത്തിന്റെ നിയന്ത്രണത്തിലാണ് കേരള വർമ കോളജ്.


കേരളവർമ കോളജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കോളജ് പ്രിൻസിപ്പൽ ടി.ഡി ശോഭ രംഗത്തുവന്നിരുന്നു. റീ കൗണ്ടിങ് സമയത്ത് തർക്കമുണ്ടായപ്പോൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റാണ് റീ കൗണ്ടിങ് തുടരാൻ ആവശ്യപ്പെട്ടത്. മാനേജ്‌മെന്റ് പറഞ്ഞാൽ അംഗീകരിക്കാതിരിക്കാനാവില്ല. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമോ എന്നത് ആലോചിച്ച് തീരുമാനിക്കും. തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ പൂർണ അധികാരം റിട്ടേണിങ് ഓഫീസർക്കാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് എസ്.എഫ്.ഐ ജയിച്ചതെന്ന് കെ.എസ്.യു ആരോപിച്ചിരുന്നു. കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടനാണ് ഒരു വോട്ടിന് ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചിരുന്നത്. തുടർന്ന് എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. അർധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ ചെയർമാൻ സ്ഥാനം എസ്.എഫ്.ഐക്ക് ലഭിക്കുകയായിരുന്നു. അർധരാത്രി വരെ നീണ്ട വോട്ടെണ്ണലിനിടെ പല തവണ കരണ്ട് പോയിരുന്നു. അപ്പോൾ വോട്ടെണ്ണൽ നിർത്തിവെക്കാൻ ആവശ്യപ്പെട്ടെങ്കിൽ ഇടത് അധ്യാപക സംഘടനാ നേതാവായ റിട്ടേണിങ് ഓഫീസർ അംഗീകരിച്ചില്ലെന്നും കെ.എസ്.യു ആരോപിച്ചിരുന്നു. തുടർന്ന് എസ്.എഫ്.ഐ സ്ഥാനാർഥി 11 വോട്ടിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.


തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് എസ്.എഫ്.ഐ ജയിച്ചതെന്ന് കെ.എസ്.യു ആരോപിച്ചു. റീകൗണ്ടിങ് നടത്തിയത് ഇടത് അനുകൂല അധ്യാപകരാണെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടമറിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News