സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചു

ഒക്ടോബർ നാലു മുതൽ ടെക്നിക്കൽ, പോളി ടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ- ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം.

Update: 2021-09-07 13:25 GMT
Advertising

സംസ്ഥാനത്ത്​ ഏർപ്പെടുത്തിയ രാത്രി കർഫ്യുവും ​ഞായറാഴ്ച ലോക്​ഡൗണും പിൻവലിച്ചു. കോവിഡ്​ അ​വലോകന യോഗത്തിന്​ ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. 

കോവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ വലിയ വർധനവില്ല. ആഗസ്റ്റിൽ 18 ശതമാനത്തിന്​ മുകളിലുണ്ടായിരുന്ന ശരാശരി ടി.പി.ആർ സെപ്​റ്റംബർ ആദ്യ വാരത്തിൽ കുറഞ്ഞുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  

ഒക്ടോബർ നാലു മുതൽ ടെക്നിക്കൽ, പോളി ടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ- ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവസാന വർഷ വിദ്യാർഥികൾക്ക്​ മാത്രമാവും ക്ലാസുണ്ടാവുക. അധ്യാപകരും വിദ്യാർഥികളും ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്​കൂൾ- കോളജ്​ അധ്യാപകർ നിർബന്ധമായി വാക്​സിനെടുത്തിരിക്കണം. ഇവർക്ക്​ വാക്​സിനേഷനിൽ മുൻഗണന നൽകും.

സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കുള്ള പരിശീലന സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാന്‍ അനുമതി നൽകി. ബയോ ബബിൾ മാതൃകയിലായിരിക്കും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. ഇത്തരം സ്ഥാപനങ്ങൾ, ഒരു ഡോസ് വാക്സിനേഷനെങ്കിലും പൂർത്തിയാക്കിയ അധ്യാപകരേയും വിദ്യാർത്ഥികളേയും ഉൾക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. എന്നാൽ ആരും ക്യാമ്പസ് വിട്ടു പോകാൻ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് ഇതുവരെ മൂന്നു കോടി ഡോസ് വാക്സിന്‍ നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കോവീഷീൽഡ് വാക്സിന്‍റെ ഇടവേള കുറച്ചതിൽ യോജിപ്പാണെന്നും സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News