സംഘടിത സകാത്ത് : മഹല്ലുകൾ മുൻകൈ എടുക്കണം - കേരള ജംഇയ്യത്തുൽ ഉലമ

കെജെയു നൂറാം വാർഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 26 ന് എറണാകുളത്ത് സാമ്പത്തിക സമ്മേളനം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

Update: 2025-02-19 14:31 GMT

കോഴിക്കോട്: സംഘടിത സകാത്ത് പ്രായോഗികമായി നടപ്പിലാക്കാനുള്ള മാർഗങ്ങൾ കർമ ശാസ്ത്രഗ്രന്ഥങ്ങൾ നിർദേശിച്ചിട്ടുണ്ടെന്ന് പണ്ഡിത സംഘടനകൾ വ്യക്തമാക്കിയ സാഹചര്യത്തിൽ അതിനാവശ്യമായ സംവിധാനങ്ങൾ മഹല്ലടിസ്ഥാനത്തിൽ രൂപീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ ആവശ്യപ്പെട്ടു. സംഘടിത സകാത്തിനെ എതിർക്കുന്നവർ ഇസ്‌ലാമിന്റെ പ്രായോഗികതയെയാണ് വിമർശിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നത്. സകാത്ത് സംഘടിതമായി ശേഖരിക്കുകയും അർഹരായവർക്ക് അത് വ്യവസ്ഥാപിതമായി വിതരണം നടത്തുകയും ചെയ്യുക എന്നതാണ് പ്രവാചകനും തുടർന്നുവന്ന ഖലീഫമാരും സ്വീകരിച്ച രീതി. ഓരോരുത്തരും അവരവരുടെ സകാത്ത് ഇഷ്ടമുള്ള വ്യക്തികൾക്ക് നൽകുക എന്നത് സകാത്തിന്റെ ലക്ഷ്യത്തെ തകർക്കുകയാണ് ചെയ്യുന്നത്.

Advertising
Advertising

സമൂഹത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഒരു സംവിധാനത്തെ കേവലം സംഭാവനകൾ നൽകുന്ന രീതിയിലേക്ക് മാറ്റുന്നത് ശരിയല്ല. സംഘടിത സകാത്ത് വിതരണത്തിന് പ്രായോഗിക മാർഗങ്ങളുണ്ടെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയതായി വിമർശകർ പോലും അംഗീകരിക്കുന്നുണ്ട്. ആ മാർഗമെങ്കിലും അവലംബിക്കാൻ മഹല്ല് കമ്മറ്റികളെ പ്രേരിപ്പിക്കുന്നതിന് പകരം സംഘടിത സകാത്ത് സംവിധാനത്തെ ആക്ഷേപിക്കുന്നത് ഖേദകരമാണ്. ഖലീഫമാരും ഭരണാധികാരികളും നിർവഹിച്ച മറ്റ് പല കാര്യങ്ങൾക്കും ബദൽ സംവിധാനങ്ങളുണ്ടാക്കുകയും അവ പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്യുന്നവർ സകാത്തിന്റെ വിഷയത്തിൽ മാത്രം നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ശരിയല്ല.

സകാത്തിനെ കുറിച്ചുള്ള അവബോധം ഈ സമൂഹത്തിൽ വളർത്തിയെടുത്തത് കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിലുള്ള നവോഥാന പ്രസ്ഥാനങ്ങളാണ്. മുജാഹിദ് പ്രസ്ഥാനത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ സംഘടിതമായും വ്യവസ്ഥാപിതമായും സകാത്ത് വിതരണം നടക്കുന്നുണ്ട്. അതിനെ പിന്തുടർന്നുകൊണ്ട് നിരവധി സംരംഭങ്ങൾ സംഘടിത സകാത്ത് വിതരണത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളെ ആരെങ്കിലും ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അത് തിരുത്തുന്നതിനു പകരം ഇസ്‌ലാം പഠിപ്പിച്ച സംഘടിത സകാത്ത് സംവിധാനത്തെ വിമർശിക്കുന്നത് ന്യായീകരിക്കാനാവില്ല.

കെജെയു നൂറാം വാർഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 26 ന് എറണാകുളത്ത് സാമ്പത്തിക സമ്മേളനം സംഘടിപ്പിക്കും. ധനം സമ്പാദിക്കുന്നതിലും വിനിയോഗിക്കുന്നതിലുമുള്ള ഇസ്‌ലാമിക കാഴ്ചപ്പാട്, സംഘടിത സകാത്ത്, സാമ്പത്തിക രംഗത്തെ പുതിയ ചലനങ്ങൾ തുടങ്ങിയവ സമ്മേളനത്തിൽ ചർച്ച ചെയ്യും. എം സലാഹുദ്ധീൻ മദനി, ഡോ. മുഹമ്മദലി അൻസാരി, പ്രൊഫ. എൻ.വി സകരിയ്യ, കെ.എം ഫൈസി തരിയോട്, സുബൈർ പീടിയേക്കൽ, സഅദുദ്ദീൻ സ്വലാഹി, എച്ച്.ഇ മുഹമ്മദ്‌ ബാബു സേട്ട്, നൂർ മുഹമ്മദ്‌ നൂർഷാ തുടങ്ങിയവർ പങ്കെടുക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News