Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് കിട്ടാനുള്ള സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. വാര്‍ഡ് വിഭജനത്തോടനുബന്ധിച്ച സ്വാഭാവികമായ തര്‍ക്കങ്ങള്‍ ചിലയിടത്തുണ്ട്. സംസ്ഥാന കമ്മിറ്റികളുടെ മോണിറ്ററിങ്ങോടെ ജില്ലാ നേതൃത്വം അതെല്ലാം വൈകാതെ പരിഹരിക്കും. പാര്‍ട്ടിക്ക് കിട്ടിക്കൊണ്ടിരുന്ന സീറ്റുകള്‍ കിട്ടണമെന്നും സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും കെ.എം ഷാജി മീഡിയവണിനോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളെ കുറിച്ച് മീഡിയവണിനോട് സംസാരിക്കുകയായിരുന്നു.
'കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മുസ്‌ലിം ലീഗിന് സ്വാധീനമുള്ള ചില സ്ഥലങ്ങളില്‍ സീറ്റ് നല്‍കുന്നില്ലെന്ന പരാതികള്‍ ഉണ്ടായിരുന്നു. ആ പരാതികള്‍ പരിഹരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വാര്‍ഡ് വിഭജനത്തോടനുബന്ധിച്ച് ചില പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതല്ലാതെ, മുസ് ലിം ലീഗിന് കിട്ടിക്കൊണ്ടിരുന്ന സീറ്റുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ല.' ഷാജി വ്യക്തമാക്കി.
കോണ്‍ഗ്രസ് നല്‍കുന്നവരും ലീഗ് വാങ്ങുന്നവരും എന്ന തരത്തിലുള്ള മുന്നണിയല്ല ഞങ്ങളുടേത്. പ്രശ്‌നങ്ങള്‍ പരസ്പരം സഹകരിച്ച് ഞങ്ങള്‍ മുന്നോട്ടുപോകും. പത്തനംതിട്ടയില്‍ നിന്ന് കോള്‍ വന്നിരുന്നു. ചിറ്റാറിലെ സീറ്റ് തര്‍ക്കത്തെ കുറിച്ച് നിലവില്‍ ഒന്നും പറയാനില്ല. കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു.