പ്ലസ്ടു കോഴക്കേസ്: അധികാരം ഉപയോഗിച്ച് ആരെയും ഒതുക്കാമെന്ന ഭരണകൂട നിലപാടിനേറ്റ തിരിച്ചടി-കുഞ്ഞാലിക്കുട്ടി

കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ് ജസ്റ്റിസ് കൗസർ ഇടപ്പഗത്തിന്റെ ബെഞ്ചാണ് റദ്ദാക്കിയത്

Update: 2023-04-13 12:17 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി. ഷാജിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് നേരത്തെ തന്നെ പാർട്ടി വ്യക്തമാക്കിയതാണെന്നും അതു ശരിയാണെന്ന് തെളിയിക്കുന്നതാണ് കോടതിവിധിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

കെ.എം ഷാജിക്കെതിരെ എടുത്ത കേസ് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് അന്നുതന്നെ പാർട്ടി വ്യക്തമായി ചൂണ്ടിക്കാണിച്ചതാണ്. അത് ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. അധികാരമുപയോഗിച്ച് ആരെയും എങ്ങനെയും ഒതുക്കാമെന്ന ഭരണകൂടങ്ങളുടെ നിലപാടിനാണ് കോടതിവിധിയിലൂടെ അടിയേറ്റിരിക്കുന്നത്-കുഞ്ഞാലിക്കുട്ടി കുറിച്ചു.

ഷാജിക്കെതിരായ വിജിലൻസ് എഫ്.ഐ.ആർ ജസ്റ്റിസ് കൗസർ ഇടപ്പഗത്തിന്റെ ബെഞ്ചാണ് റദ്ദാക്കി. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ 2013ൽ കെ.എം ഷാജി മാനേജ്‌മെന്റിൽനിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കേസ്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം നേതാവ് കുടുവൻ പദ്മനാഭൻ നൽകിയ പരാതിയിലാണ് ഷാജിയെ പ്രതിചേർത്ത് വിജിലൻസ് കേസെടുത്തത്. ഷാജിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അഴീക്കോട്ടെ സ്‌കൂളിലെത്തി വിജിലൻസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. ഇതിന് പിന്നാലെയാണ് എഫ്.ഐ.ആർ നിലനിൽക്കില്ലെന്ന വാദവുമായി കെ.എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. 2017ലാണ് സി.പി.എം പ്രാദേശിക നേതാവ് മുഖ്യമന്ത്രിക്ക് ആദ്യം പരാതി നൽകിയത്. നിജസ്ഥിതി അന്വേഷിക്കാൻ വിജിലൻസ് എസ്.പിക്ക് പരാതി കൈമാറിയെങ്കിലും വസ്തുതകളില്ലാത്തതാണെന്ന് കണ്ട് തള്ളുകയായിരുന്നു.

Full View

എന്നാൽ, വിജിലൻസിൻറെ അഡീ. പ്രോസിക്യൂഷൻ ഡയറക്ടറിൽ നിന്ന് മറ്റൊരു നിയമോപദേശം വാങ്ങി വിജിലൻസ് കേസെടുക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ഷാജിയുടെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് എഫ്.ഐ.ആർ റദ്ദാക്കാൻ ജസ്റ്റിസ് കൗസർ എടപ്പാഗത്ത് ഉത്തരവിട്ടത്. സ്‌കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽനിന്നും ഷാജിക്കെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന വിജിലൻസ് വാദം കോടതി പരിഗണിച്ചില്ല.

Summary: Muslim League leader PK Kunhalikutty said that the High Court verdict in the bribery case against KM Shaji was a blow to the government's stance that it can use power to confine anyone.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News