മകളെ രക്ഷിക്കാൻ പിണറായി വിജയൻ സംഘിയാകുന്നു: കെ.എം ഷാജി

‘ആർഎസ്എസും ബിജെപിയും ആകാതെ സംഘിയാകാമെന്ന് തെളിയിച്ചു’

Update: 2024-11-19 09:56 GMT

കോഴിക്കോട്: മകളെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംഘിയാകുന്നുവെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി ആരോപിച്ചു. മുഖ്യമന്ത്രിക്ക് സംഘി എന്നതിനേക്കാൾ യോജിക്കുന്ന പദം വേറെയില്ല. നിർബന്ധിത സാഹചര്യത്തിലായിരിക്കാം അദ്ദേഹം അങ്ങനെയാകുന്നത്.

പാർട്ടിയാണോ അണികളാണോ രാജ്യമാണോ അതോ മകളാണോ വലുതെന്ന ചോദ്യം അദ്ദേഹത്തിന് മുന്നിൽ വന്നിട്ടുണ്ടാകും. ഈ സാഹചര്യത്തിൽ സംഘിയായി മകളെ രക്ഷിക്കാമെന്ന് അദ്ദേഹം കരുതിക്കാണും.

പിണറായി വിജയൻ നിരന്തരം ഇസ്‌ലാമോഫോബിക് പരാമർശം നടത്തുകയാണ്. ആർഎസ്എസും ബിജെപിയും ആകാതെ സംഘിയാകാമെന്ന് തെളിയിച്ചു. ഉത്തരേന്ത്യൻ മാതൃകയിൽ വിവാദങ്ങളെ ജാതീയമായി വേർതിരിക്കാനാണ് ശ്രമമെന്നും കെ.എം ഷാജി വ്യക്തമാക്കി.

Advertising
Advertising

തന്നെ വിമർശിച്ച സിപിഎം നേതാവ് എ.കെ.ബാലൻ ആള് പാവമാണ്. അൽപ്പം കിളിപോയി എന്ന പ്രശ്നം മാത്രമേയുള്ളൂ. പിണറായി വിജയൻ എന്ന ആന കുത്തിയിട്ട് താൻ വീണിട്ടില്ല, പിന്നെയാണോ ആനപ്പിണ്ഡം തട്ടിയിട്ട് വീഴുന്നത്. മുഖ്യമന്ത്രിയെ കാണുമ്പോൾ സ്നഗ്ഗി ഇട്ടുനടക്കുന്ന എ.എ റഹീം എം.പി തന്നെ പഠിപ്പിക്കാൻ വരേണ്ട. രാഷ്ട്രീയം പറയുമ്പോൾ സാദിഖലി തങ്ങളുടെ മെക്കിട്ട് കയറുകയല്ല വേണ്ടത്. രാഷ്ട്രീയമായ മറുപടി പറഞ്ഞില്ലെങ്കിൽ അതേ ഭാഷയിൽ തിരിച്ചുകിട്ടുമെന്ന് മുഖ്യമന്ത്രിയും മനസ്സിലാക്കണം.

സമസ്തയുമായി തനിക്ക് ഒരു തർക്കവുമില്ല. സംഘടനയെയല്ല താൻ എതിർക്കുന്നത്. നാവുകൂടിയ ഇനത്തെയാണ് എതിർക്കുന്നത്. അവരുടെ ആശങ്കയ്ക്ക് ഒരു പിണറായി പക്ഷമുണ്ട്. വഖഫ് ഭൂമി പ്രശ്നം വഷളാക്കാനാണ് സർക്കാർ ശ്രമം. അതിനാണ് വേണ്ടപ്പെട്ടവരെ കൊണ്ട് പത്രങ്ങളിൽ ലേഖനം എഴുതിക്കുന്നത്. അതിന് മുസ്ലീം ലീഗ് നിന്നുകൊടുക്കില്ലെന്നും കെ.എം ഷാജി പറഞ്ഞു.  

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News