തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അമിത് ഒറാങ് പിടിയിൽ
തൃശൂർ മാളയ്ക്ക് സമീപം മേലാടൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്
കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലക്കേസ് പ്രതി പിടിയിൽ. തൃശൂർ മാളക്കടത്ത് ആലത്തൂരിൽ നിന്നാണ് പ്രതി അമിത് ഒറാങ്ങിനെ പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തത്.മുമ്പ് ഫോൺ മോഷണക്കേസിൽ അറസ്റ്റിലായതും തുടർന്ന് പെൺസുഹൃത്ത് ഉപേക്ഷിച്ചു പോയതുമാണ് ദമ്പതികളോട് ശത്രുതയുണ്ടാകാൻ കാരണമെന്ന് ഇയാൾ മൊഴി നൽകി. ഉച്ചക്ക് ശേഷം കോട്ടയത്ത് എത്തിച്ച് പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
നാടിനെ നടുക്കുകിയ ക്രൂരകൃത്യം നടത്തിയ അമിത് ഒറാങ് ഇന്ന് പുലർച്ചെയാണ് തൃശൂർ ആലത്തൂരിൽ നിന്നും പിടിയിലായത്. സഹോദരൻ ജോലി ചെയ്യുന്ന ഒരു കോഴി ഫാമിൽ എത്തിയതായിരുന്നു ഇയാൾ. കൃത്യം നടത്തിയ ശേഷം കോട്ടയത്തുനിന്ന് ട്രെയിനിൽ പ്രതി തൃശൂരിലേക്ക് പോയി. ഇതേ തുടർന്നാണ് പൊലീസ് സംഘം തൃശൂരിൽ എത്തിയത്. പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച അമിത്തിനെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴടക്കി. കൊലപാതകത്തിനു ശേഷം തട്ടിയെടുത്ത ഫോണിൽ നിന്നും സ്വന്തം ഫോണിലേക്ക് നമ്പറുകൾ മാറ്റാൻ ശ്രമിച്ചത് പ്രതിക്ക് കുരുക്കായി.
മൊബൈൽ മോഷണക്കേസിലെ വിരലടയാളവും തിരുവാതുക്കലിലെ വീട്ടിൽ നിന്നും കണ്ടെത്തിയ മഴുവിലെ വിരലടയാളവും ഒന്നാണ് വ്യക്തമായിരുന്നു. ഇതോടെ പ്രതി അമിത്താണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്. കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് കോട്ടയം റെയിൽവേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജിൽ അമിത് മുറിയെടുത്തു. പല തവണ തിരുവാതുക്കലിലെ വീടിനു സമീപത്തെത്തി സ്ഥലം നിരീക്ഷിച്ചു. തുടർന്നാണ് ക്രൂര കൃത്യം നടത്തിയത്. ദമ്പതികളുടെ മരണത്തിന് മകൻ ഗൗതമിൻ്റെ മരണവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്നും കോട്ടയത്തെത്തി പൊലീസിൽ നിന്നും വിവരങ്ങൾ തേടി.