തിരുവാതുക്കൽ കൂട്ടക്കൊല; മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായതായി പ്രതിയുടെ മൊഴി

11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്

Update: 2025-04-23 06:09 GMT
Editor : Jaisy Thomas | By : Web Desk

കോട്ടയം: നാടിനെ നടുക്കിയ കോട്ടയം തിരുവാതുക്കൽ കൂട്ടക്കൊലയിൽ പ്രതി അമിത് ഒറാങ്ങിനെ കുടുക്കിയത് ഫോൺ ഉപയോഗം. വിജയകുമാറിൻ്റെ ഫോണിലെ നമ്പറുകൾ ഗൂഗിൾ അക്കൗണ്ടിൽ നിന്നും മാറ്റാൻ ശ്രമിച്ചത് കുരുക്കായി. സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാൻ സഹായകരമായി. 11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്.

വിജയകുമാറിനെയും ഭാര്യയേയും കൊല ചെയ്യാൻ കാരണം വൈരാഗ്യമാണെന്നാണ് പ്രതിയുടെ മൊഴി. മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായി. ജയിലിലായതിന് ശേഷം പെൺ സുഹൃത്ത് പിണങ്ങിപ്പോയതും പക കൂട്ടി. ഇതോടെയാണ് ദമ്പതികളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. പ്രതിയെ കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എത്തിക്കും. തൃശൂര്‍ മാളയ്ക്ക് സമീപം മലോടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിനോട് ചേർന്ന കോഴി ഫാമിൽ നിന്നുമാണ് പ്രതിയെ ഇന്ന് പിടികൂടിയത്.

Advertising
Advertising

കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്‍റെ വീടിന്‍റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് അണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്‍റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. വിവിധ സംഘങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തും.

പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പരുകളെല്ലാം സ്വിച്ച് ഓഫാണ്. മൊബൈൽ ഫോൺ കവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തും. പ്രതിയുടെ നാട്ടിലും പരിശോധനയുണ്ടാകും. മുമ്പ് നടന്ന മോഷണക്കേസിലെയും കൃത്യം നടത്തിയ വീട്ടിലെയും വിരലടയാളം അമിത്തിൻ്റേതെന്ന് തിരിച്ചറിഞ്ഞിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News