'കാറിൻ്റെ മുൻ സീറ്റിലും പിൻ സീറ്റിലും ഉൾപ്പെടെ രക്തക്കറ'; കോട്ടയം ഇരട്ടക്കൊലക്ക് പിന്നാലെ ചര്‍ച്ചയായി ദമ്പതികളുടെ മകന്‍റെ ദുരൂഹമരണവും

2017 ജൂണിൽ ആണ് ഗൗതമിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2025-04-22 09:20 GMT
Editor : Jaisy Thomas | By : Web Desk

കോട്ടയം: കോട്ടയത്ത് ദമ്പതികളായ വിജയകുമാർ - മീര ദമ്പതികൾ കൊല്ലപ്പെട്ടതിന് പിന്നാലെ ചർച്ചയാവുകയാണ് ഇവരുടെ മകന്‍റെ ദുരൂഹ മരണവും. ഇവരുടെ ഒരേയൊരു മകനാണ് ഗൗതം. തിരുവനന്തപുരം ഇൻഫോ പാർക്കിൽ ബിസിനസ് നടത്തുകയായിരുന്നു. 2017 ജൂണിൽ ആണ് ഗൗതമിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാരിത്താസ് ഹോസ്പിറ്റലിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. 240 മീറ്റർ അകലെ ഗൗതമിന്‍റെ കാറും കണ്ടെത്തി. കാറിൻ്റെ മുൻ സീറ്റിലും പിൻ സീറ്റിലും ഉൾപ്പെടെ ആകെ രക്തക്കറ.. ബ്ലേഡും കാറിൽ നിന്ന് കണ്ടെത്തി. ശരീരമാസകലം മുറിവുകൾ... ജൂൺ രണ്ടിന് വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ ഗൗതം പിന്നീട് തിരിച്ചെത്തിയില്ല. മൂന്നാം തിയതി റെയിൽവേ ട്രാക്കിനോട് ചേർന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു. സുഹൃത്തിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഗൗതം വീട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു വിവരവും ഉണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാണുന്നത്.

Advertising
Advertising

കോട്ടയം വെസ്റ്റ് പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ എന്നായിരുന്നു നിഗമനം. ഇതിനെതിരെ പിതാവ് വിജയകുമാർ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കൂടിയായ അഡ്വക്കറ്റ് ആസഫലിയാണ് പിതാവ് വിജയകുമാറിന് വേണ്ടി ഹാജരായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും സാഹചര്യ തെളിവുകളും പരിശോധിച്ച കോടതി ആത്മഹത്യ എന്ന പോലീസ് നിഗമനം തള്ളി. തുടർന്ന് സിബിഐക്ക് അന്വേഷണം കൈമാറി. ഏഴുവർഷം മുമ്പ് സംഭവിച്ച മരണത്തിൽ സിബിഐ അന്വേഷണം ഫലപ്രദമാകുമോ എന്ന് സിബിഐ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണം ഏറ്റെടുക്കാൻ സിബിഐയോട് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു. രണ്ടുമാസം മുമ്പ്, 2025 ഫെബ്രുവരി 19 നാണ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ്. രണ്ടുമാസങ്ങൾക്കിപ്പുറം, വിജയകുമാറും ഭാര്യയും അതിക്രൂരമായി കൊല്ലപ്പെട്ട സാഹചര്യത്തിൽ മകൻ ഗൗതമിന്‍റെ ദുരൂഹമരണവും സിബിഐ അന്വേഷണ ഉത്തരവും വീണ്ടും ചർച്ചയാകുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News