'രാഷ്ട്രീയ പക്വതയും പ്രബുദ്ധതയും കാണിച്ച വിദ്യാർഥികളെ ജാള്യത മറയ്ക്കാൻ അപമാനിക്കുന്നു': ആർഷോയ്ക്ക് കെ.എസ്.യുവിന്റെ മറുപടി

കേരളവർമയിലെ തിരിച്ചടിക്ക് കാരണം അരാഷ്ട്രീയ വിദ്യാർഥികളാണെന്നായിരുന്ന ആർഷോയുടെ പരാമർശം

Update: 2023-11-03 09:28 GMT
Advertising

തിരുവനന്തപുരം: കേരളവർമയിലെ തിരിച്ചടിക്ക് കാരണം അരാഷ്ട്രീയ വിദ്യാർഥികളെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും പ്രസ്താവനക്ക് മറുപടിയുമായി കെ.എസ്.യു. ആർഷോയുടെ വാക്കുകൾ കേരളത്തിലെ വിദ്യാർഥികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പക്വതയും പ്രബുദ്ധതയും കാണിച്ച കേരളത്തിലെ വിദ്യാർഥി സമൂഹത്തെയാണ് തോൽവിയുടെ ജാള്യത മറയ്ക്കാൻ ആർഷോ അപമാനിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി പ്രസ്താവനയിൽ പറഞ്ഞു.

"എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമാണ്. കാലിക്കറ്റ്‌ ഇലക്ഷനിൽ എസ്.എഫ്.ഐയുടെ ആത്മാവ് തുളച്ച കേരളത്തിലെ അരാഷ്ട്രീയ വിദ്യാർത്ഥിത്വത്തെ നാം അടിമുടി മനസ്സിലാക്കേണ്ടതുണ്ട്.

കൊടിക്കൂറയിൽ എഴുതിച്ചേർത്ത "സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം "ഈ മൂന്ന് പദങ്ങളോട് തരിമ്പും നീതി പുലർത്താത്തവർക്കെതിരെ വിധി കുറിച്ചവരാണ് ആർഷോ പറഞ്ഞ അരാഷ്ട്രീയ വിദ്യാർത്ഥികൾ കഷ്ടപ്പെട്ട് പഠിച്ചു കയറിയവരെയെല്ലാം ദയ തീണ്ടാതെ വെട്ടി മാറ്റിയ 'വിദ്യ' വിലപ്പോകില്ല എന്ന് തെളിയിച്ചവരാണ് ആർഷോ പറഞ്ഞ അരാഷ്ട്രീയ വിദ്യാർത്ഥികൾ.

പരീക്ഷയെഴുതാതെ ബിരുദം നേടുന്ന വിരുതരെ വെറുത്തവരാണ് ആർഷോ പറഞ്ഞ അരാഷ്ട്രീയ വിദ്യാർത്ഥികൾ.  ഈ രാഷ്ട്രീയ പക്വതയും പ്രബുദ്ധതയും കാണിച്ച കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെയാണ് തോൽവിയുടെ ജാള്യത മറക്കാൻ ആർഷോ അപമാനിക്കുന്നത്

വിദ്യാർത്ഥികൾ എസ്.എഫ്.ഐയെ തിരഞ്ഞെടുക്കുമ്പോൾ അത് രാഷ്ട്രീയ പ്രബുദ്ധതയും അവരുടെ ജനാധിപത്യ അവകാശം ഉപയോഗിച്ച് മറ്റ് സംഘടനാ പ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ അത് അരാഷ്ട്രീയവാധവുമാണെന്ന് പറയുന്നത് ആർഷയെ പോലെയുള്ള ഒരു വിദ്യാർത്ഥി നേതാവിന് അപമാനകരമാണ്

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഇത്തരം തരംതാണ നിലപാടുകൾ ഉണ്ടാവാൻ പാടില്ലാത്തതാണ്. കാലങ്ങളായി ആർഷോ അടക്കമുള്ളവർ കൊണ്ടുനടക്കുന്ന ഈ കപട രാഷ്ട്രീയത്തിന്റെ പുരാതനത്വം തിരിച്ചറിഞ്ഞതു കൊണ്ടാണ് വിദ്യാർത്ഥികൾ കേരളവർമ്മയിൽ ശ്രീക്കുട്ടനെ തിരഞ്ഞെടുത്തത്.

എന്നാൽ ജനാധിപത്യത്തിന്റെ സകല സീമയും ലംഘിക്കുന്ന കാഴ്ചയാണ് തൃശൂർ കേരള വർമ്മ മുതൽ നാദാപുരം ഗവണ്മെന്റ് കോളേജ് വരെയുണ്ടായത്. ഒടുവിൽ കെ.എസ്‌യുവിന് വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളും അരാഷ്ട്രീയ വാദികളുമായി മാറി.

ഇന്നിന്റെ വിദ്യാർഥി രാഷ്ട്രീയം നന്നായി മനസ്സിലാക്കി പാലക്കട്ടെ വിക്ടോറിയയെന്ന കലാലയ മുത്തശ്ശി അടക്കം എണ്ണം പറഞ്ഞ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ കേരള വിദ്യാർത്ഥി യൂണിയനെ ഇത്തവണ ഇടനെഞ്ചിലേറ്റിയിട്ടുണ്ടെങ്കിൽ ആർഷോ അടക്കമുള്ളവരുടെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും ഇതിലും വലിയ പ്രഹരം ആയിരിക്കും വരും നാളുകളിൽ കേരളത്തിലെ വിദ്യാർത്ഥി സമൂഹങ്ങൾ നൽകുക". കെ.എസ്.യു പ്രസ്താവനയിൽ പറയുന്നു.

തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് എസ്.എഫ്.ഐ ജയിച്ചതെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടനാണ് ഒരു വോട്ടിന് ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചിരുന്നത്. തുടർന്ന് എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. അർധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ ചെയർമാൻ സ്ഥാനം എസ്.എഫ്.ഐക്ക് ലഭിക്കുകയായിരുന്നു.

അർധരാത്രി വരെ നീണ്ട വോട്ടെണ്ണലിനിടെ പല തവണ കറണ്ട് പോയിരുന്നു. അപ്പോൾ വോട്ടെണ്ണൽ നിർത്തിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇടത് അധ്യാപക സംഘടനാ നേതാവായ റിട്ടേണിങ് ഓഫീസർ അംഗീകരിച്ചില്ലെന്നും കെ.എസ്.യു ആരോപിച്ചിരുന്നു. തുടർന്ന് എസ്.എഫ്.ഐ സ്ഥാനാർഥി 11 വോട്ടിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News