കോളജ് അധ്യാപക പെൻഷൻ നേടാനുള്ള കെ.ടി ജലീലിന്റെ ആവശ്യം സർക്കാർ പരിഗണനയിൽ

കോളജ് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാറിന് അപേക്ഷ കൈമാറി

Update: 2025-10-10 04:28 GMT
Editor : Lissy P | By : Web Desk

മലപ്പുറം: കോളജ് അധ്യാപക പെൻഷൻ ആനുകൂല്യത്തിന്  രാജിവെച്ചത് വിടുതലാക്കി പരിഗണിക്കണമെന്ന കെ.ടി ജലീലിന്റെ ആവശ്യം സർക്കാർ പരിഗണനയിൽ. ജലീലിന്റെ അപേക്ഷയും സർവീസ് ബുക്കും അടങ്ങുന്ന ഫയൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് സർക്കാറിന് കൈമാറി.

എയ്ഡഡ് അധ്യാപകർ മത്സരിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് ജലീല്‍ 2021ൽ ജോലിയിൽ നിന്നും രാജിവച്ചത് . നിലവിൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ രാജി ഒഴിവാക്കി വിടുതലാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്. അനുകൂല സമീപനം സ്വീകരിച്ച കോളജ് മാനേജർ സർവീസ് ബുക്ക് കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അയച്ചിരുന്നു

Advertising
Advertising

അതിനിടെ സർവീസ് ബുക്ക് തിരുത്തി പെൻഷൻ വാങ്ങാനുള്ള ജലീലിന്‍റെ ശ്രമത്തിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് ഗവർണർക്ക് പരാതി നൽകിയിരുന്നു. പെൻഷൻ വാങ്ങാൻ ശ്രമിക്കുന്നത് സത്യപ്രതിജ്ഞ ലംഘനമാണെന്നും ജലീലിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്നും കാണിച്ചാണ് പരാതി. സര്‍വീസ് ബുക്ക് തിരുത്താനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഉന്നത വിദ്യഭ്യാസ വകുപ്പ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.

1994 നവംബർ 16 മുതൽ 2006 മേയ് 31 വരെ ജലീൽ തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ അധ്യാപകനായിരുന്ന ജലീൽ 2006 ൽ ലീവെടുത്താണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നുന്നത്. 2006ൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചു .2011 ൽ തവനൂർ മണ്ഡലമായപ്പോൾ വി.വി പ്രകാശിനെതിരെയും മത്സരിച്ചു .2016 ൽ തവനൂരിൽ ഇഫ്തിഖാറുദ്ദീനായിരുന്നു എതിരാളി. 2016 മെയ്‌ 5നാണ് കെ.ടി. ജലീൽ ആദ്യമായി മന്ത്രിയായത്. തദ്ദേശ സ്വയംഭരണം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 2021-ൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായതോടെ മാർച്ച് 12-ന് ജോലിയിൽ രാജി നൽകിയിരുന്നു. ഇത് മാനേജർ സ്വീകരിക്കുകയും തുടർ നടപടികൾ കൈക്കൊള്ളുകയുംചെയ്തു. 2024 ആഗസ്റ്റ് 13 -ന് പിഎഫിലെ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി അക്കൗണ്ട് ക്ലോസ് ചെയ്തു. എന്നാൽ, അന്നുനൽകിയ രാജി റിലീവാക്കണമെന്നാവശ്യപ്പെട്ട് 2024 നവംബർ 14-ന് കോളേജ് പ്രിൻസിപ്പലിന് കത്തു നൽകി. സർവീസ് ബുക്കിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് സർവീസ് ബുക്ക് കൈമാറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News