ഇ.ഡി വിളിച്ചത് നന്നായി; കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം കിട്ടിയെന്ന് കുഞ്ഞാലിക്കുട്ടി

ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കുഞ്ഞാലിക്കുട്ടിയെ ഇ.ഡി വിളിപ്പിച്ചത്. വൈകീട്ട് നാലു മണിയോടെയാണ് അദ്ദേഹം ഇ.ഡിയുടെ കൊച്ചി ഓഫീസിലെത്തിയത്.

Update: 2021-09-16 14:40 GMT
Advertising

ഇ.ഡി വിളിച്ചതുകൊണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം കിട്ടിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഇ.ഡിക്ക് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ രേഖകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ഇനി വരേണ്ടതുണ്ടോയെന്ന് ഇ.ഡി ആണ് തീരുമാനിക്കേണ്ടത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റാനായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാലു മണിക്കൂറോളമാണ് ഇ.ഡി കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തത്.

ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കുഞ്ഞാലിക്കുട്ടിയെ ഇ.ഡി വിളിപ്പിച്ചത്. വൈകീട്ട് നാലു മണിയോടെയാണ് അദ്ദേഹം ഇ.ഡിയുടെ കൊച്ചി ഓഫീസിലെത്തിയത്. സെപ്തംബര്‍ രണ്ടിന് വിളിപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയില്‍ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താന്‍ ഇ.ഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് അറിയിക്കുകയുമായിരുന്നു.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. പാലം പണിയിലെ അഴിമതി വഴികിട്ടിയ 10 ലക്ഷം മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നും നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് തുക നിക്ഷേപിച്ചതെന്നും കാണിച്ച് ഇത്തരം കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഇ.ഡിയോട് കേസെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവായിരുന്നു പരാതിക്കാരൻ. ഇയാളെയും ഇബ്രാഹിം കുഞ്ഞിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ചന്ദ്രിക ഫിനാൻസ് മാനേജർ സമീറിനെ പലവട്ടം വിളിപ്പിച്ചിരുന്നു. മാനേജർ കണക്കുകൾ സമർപ്പിക്കുകയും അക്കൗണ്ടിൽനിന്ന് പിൻവലിച്ച തുക പി.എഫ് അടക്കാനാണെന്നും അറിയിച്ചതായും വിവരമുണ്ട്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News