'ഞാൻ വികസനത്തിനൊപ്പമാണ്; പിണറായിക്കൊപ്പം'; തൃക്കാക്കര എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍ കെ.വി തോമസ്

കേരളത്തിന്റെ വികസനത്തിന് വേണ്ടി സഹപ്രവർത്തകർക്ക് എ.കെ ആൻറണി ഉപദേശം നൽകണം

Update: 2022-05-12 14:49 GMT
Editor : Dibin Gopan | By : Web Desk
Advertising

എറണാകുളം: തൃക്കാക്കര ഉപതരെഞ്ഞെടുപ്പ് എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കെ.വി തോമസ്. പ്രതിസന്ധികളെ ഇല്ലാതാക്കി മുന്നോട്ടുപോകാൻ കരുത്തുള്ള നേതാവാണ് പിണറായി വിജയൻ. താൻ വികസനത്തിനൊപ്പമാണ്, പിണറായിക്കൊപ്പമെന്നും കെ.വി തോമസ് പറഞ്ഞു.

പി.ടി തോമസ് പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് മറക്കുകയാണ്. കേരളത്തിന്റെ വികസനത്തിന് വേണ്ടി സഹപ്രവർത്തകർക്ക് എ.കെ ആൻറണി ഉപദേശം നൽകണം. സമുദായങ്ങളോടുള്ള കോൺഗ്രസിന്‍റെ മൃദുസമീപനം മതമൈത്രിയെ തകർക്കുമെന്നും പാര്ട്ടിയുടെ മൃദുഹിന്ദുത്വ സമീപനം രാജ്യത്തെ തകർക്കുമെന്നും കെ.വി തോമസ് പറഞ്ഞു.

അതേസമയം, എൽഡിഎഫ് സർക്കാരിന്റെ അംഗബലം 100 തികയ്ക്കാനുളള പ്രയാണമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 99 നൂറാക്കാനുള്ള അസുലഭ മുഹൂർത്തമാണ് തൃക്കാക്കരക്കാർക്ക് കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് തൃക്കാക്കര തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.

ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് അപ്പുറം മാനമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. കേരളം ആഗ്രഹിക്കുന്ന തരത്തിൽ പ്രതികരിക്കാൻ മണ്ഡലം തയ്യാറായിരിക്കുകയാണ്. അതിന്റെ വേവലാതികൾ യു.ഡി.എഫ് കേന്ദ്രങ്ങളിൽ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വേദിയിലെത്തിയ കോൺഗ്രസ് നേതാവ് കെ.വി തോമസിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. കെ.വി തോമസ് ഇങ്ങോട്ട് വരികയാണ്, അദ്ദേഹത്തെ സ്വാഗതം ചെയ്യണമല്ലോ. കെ.വി തോമസ് കൺവെൻഷനിലെത്താൻ ഒരു മണിക്കൂർ വൈകി. കെ-റെയിലിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഒരു ഭാഗത്ത് മതനിരപേക്ഷത തകർക്കുന്ന നീക്കം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഭരണഘടനയുടെ മൂല്യങ്ങൾക്ക് ഇവർ വിലകൽപ്പിക്കുന്നില്ല. ഇന്നലെയുണ്ടായ സുപ്രീംകോടതി വിധിയെ ലക്ഷ്മണരേഖ മറികടക്കാൻ പാടില്ലെന്ന് ഭീഷണിയുടെ സ്വരത്തിൽ പറയുന്ന കേന്ദ്രമന്ത്രിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. രാജ്യത്ത് സംഘർഷമുണ്ടാക്കി വിദ്വേഷപ്രവർത്തനങ്ങൾ നടത്താൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News