ഒട്ടും പ്രതീക്ഷിക്കാത്ത ആളില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്; അയാളുടെ പേര് പറയാത്തതിനും കാരണമുണ്ട്: കുറിപ്പുമായി നടി ലാലി പി.എം

എന്നെ അറിയുന്നവർക്കറിയാം, ഞാൻ എന്‍റെ ശരീരത്തെ ഒരു വിശിഷ്ട വസ്തുവായി ഒന്നും കാണുന്നില്ല

Update: 2023-07-13 09:29 GMT
Editor : Jaisy Thomas | By : Web Desk

ലാലി പി.എം

Advertising

കോഴിക്കോട്: ഏറെ ബഹുമാനിച്ചിരുന്ന ഒരാളില്‍ നിന്നും നേരിട്ട മോശമായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ലാലി പി.എം. തീർത്തും പ്രതീക്ഷിക്കാത്ത ഒരു ആളിൽ നിന്നും അങ്ങനെയൊരു നീക്കം ഉണ്ടായത് വിഷമിപ്പിച്ചുവെന്നും ലാലി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ലാലിയുടെ കുറിപ്പ്

കുറച്ചു ദിവസങ്ങൾക്കു മുമ്പ് എനിക്കും എൻ്റെ സുഹൃത്തിനും ഞങ്ങൾ വളരെയേറെ ബഹുമാനിച്ചിരുന്ന ഒരാളിൽ നിന്നും മോശമായ ഒരു അനുഭവം ഉണ്ടായിരുന്നു. തീർത്തും പ്രതീക്ഷിക്കാത്ത ഒരു ആളിൽ നിന്നും അങ്ങനെയൊരു നീക്കം ഉണ്ടായതാണ് എന്നെ സത്യത്തിൽ വിഷമിപ്പിച്ചത്. അതിലുപരിയായി ഒരു മെന്‍റല്‍ ട്രോമ ഒന്നും എനിക്ക് അതിൽ അനുഭവപ്പെട്ടില്ല. ഒരുതരം അവിശ്വസനീയത . ഇത്രയും അടുപ്പമുള്ള ആൾ ഇങ്ങനെയാണെങ്കിൽ മറ്റുള്ളവർ എങ്ങനെയായിരിക്കും എന്ന അങ്കലാപ്പ് . എനിക്ക് ഈ വിഷയത്തിൽ ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്.

എന്നെ അറിയുന്നവർക്കറിയാം, ഞാൻ എന്‍റെ ശരീരത്തെ ഒരു വിശിഷ്ട വസ്തുവായി ഒന്നും കാണുന്നില്ല. ഒരാളെ ഹഗ്ഗ് ചെയ്യാനോ ചേർത്ത് പിടിക്കാനോ സ്നേഹത്തിന്‍റെയോ വാത്സല്യത്തിന്റെയോ പരിഗണനയുടെയോ ചുംബനങ്ങൾ കൊടുക്കുവാനോ എനിക്ക് മടിയുമില്ല. ആ ഉമ്മകളും കെട്ടിപ്പിടുത്തങ്ങളും എന്‍റെ ആത്മാവിൽ നിന്നുമുള്ള സ്നേഹമാകുന്നു. എൻ്റെ സ്നേഹത്തിന്‍റെ ഭാഷ തന്നെ അതാണ് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ അത് ലൈംഗികതയുടേതാവണമെങ്കിൽ പരസ്പരം അനുവാദം വേണം. ചെറുപ്പം മുതൽ പലരിൽ നിന്നും സെക്ഷ്വൽ ഫിസിക്കൽ ഇമോഷണൽ വയലൻസുകൾ അനുഭവിച്ചിട്ടുള്ള എന്‍റെ ശരീരത്തെ എൻ്റെ മനസ്സിനെക്കാൾ ഉപരിയായി ഞാൻ സ്നേഹിക്കുന്നേയില്ല.

സെക്ഷ്വൽ വയലൻസിനെ കുറച്ചു കാണുകയല്ല, ശരീരം വേദനിക്കുന്ന തരത്തിലോ മുറിവേൽക്കുന്ന തരത്തിലോ ഈ വിഷയത്തിൽ ഒന്നുമുണ്ടായിട്ടില്ല. നമ്മുടെ വീട്ടിൽ നമ്മുടെ അനുവാദമില്ലാതെ ഒരു കള്ളൻ കടന്നു കയറുന്നത് പോലെയാണ്,എനിക്കത് ഫീൽ ചെയ്തത്. അതാണ് എന്നെ ഇറിറ്റേറ്റ് ചെയ്യിപ്പിക്കുന്നത്. എന്നാൽ എത്രയോ പ്രാവശ്യം എന്നെ ദേഹോപദ്രവം ഏൽപ്പിക്കുകയും തള്ളി താഴെ ഇടുകയും മരണത്തെ മുന്നിൽ കാണും വിധം കഴുത്ത് പിടിച്ചു ഞെരിക്കുകയും ചെയ്ത മനുഷ്യനെ പിണക്കം മറന്നു ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകൾ മറന്നു വീണ്ടും ജീവിതത്തിലേക്ക് കൂട്ടിയിട്ടുണ്ട്. ഒരു മാപ്പു പോലും പറയാതെ, കുറ്റബോധത്തിന്റെ ലാഞ്ചന പോലും ഇല്ലാതെ, ഒരു മനുഷ്യൻ എന്ന നിലയ്ക്ക് പോലും ഉള്ള ബഹുമാനമോ പരിഗണനയോ നൽകാതെ വീണ്ടും വീണ്ടും എൻ്റെ ജീവിതത്തിൽ അയാൾ അധികാരിയായി ഇരുന്നിട്ടുണ്ട്.

എനിക്കറിയാം ഒരു പുരുഷൻ സ്ത്രീയുടെ ശരീരത്തിലേക്ക് ഇങ്ങനെ കടന്നു കയറുന്നതിന് ഇവിടത്തെ മതങ്ങൾ മുതൽ പുരുഷാധിപത്യസമൂഹം വരെ പല പല കാരണങ്ങളുണ്ട്. സത്യത്തിൽ ഇവിടുത്തെ പുരുഷനും പുരുഷാധിപത്യ സമൂഹത്തിന്റെ ഇരകൾ തന്നെയാണ്. തങ്ങൾ അനുഭവിക്കുന്ന പ്രിവിലേജിന്റെ സുഖത്തിൽ മുഴുകിയിട്ട് ,ഈ സിസ്റ്റം അവർക്ക് കൊടുക്കുന്ന മാനസിക ശാരീരിക സമ്മർദ്ദങ്ങളെ അവർ അറിയുന്നില്ലെന്നേ ഉള്ളൂ. ജനാധിപത്യം എന്നത് നമുക്ക് ഇലക്ഷന് വോട്ട് ചെയ്ത് കൂടുതൽ സീറ്റ് കിട്ടുന്ന പാർട്ടി ഭരിക്കുന്ന വെറുമൊരുരാഷ്ട്രീയ പ്രക്രിയ മാത്രമാണ്. അത് സമൂഹത്തിലോ കുടുംബത്തിലോ വ്യക്തിബന്ധങ്ങളിലോ കൂടി നിലനിർത്തേണ്ടതാണെന്ന് ഉള്ള അവബോധം ഇല്ലാത്തതാണ് സ്ത്രീയുടെ ശരീരത്തിന് മേലുള്ള പുരുഷൻറെ കടന്നുകയറ്റത്തിന്റെ ഒരു കാരണം. വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കൺസെന്റ് എന്ന ജനാധിപത്യ രീതിക്ക് പുല്ലുവില കൽപ്പിക്കുന്നതാണ് മറ്റൊരു കാരണം.

എന്തേ അയാളുടെ പേര് പറയുന്നില്ല എന്ന് ചോദ്യത്തിന് ഞാൻ ഒരിക്കലും ഒരാളെ ആൾക്കൂട്ട ആക്രമണത്തിന് വിധേയമാക്കിയിട്ടില്ല എന്ന ഉറപ്പിൽ എനിക്ക് ജീവിക്കാൻ വേണ്ടിയാണ് എന്നാണ് ഉത്തരം. സാധാരണ ആൾക്കൂട്ട ആക്രമണം പോലെയല്ല ഇത്തരം കേസുകളിലെ ആൾക്കൂട്ട ആക്രമണം. .ഒരു കൊലപാതകിയോടോ മോഷ്ടാവിനോടോ ക്ഷമിക്കാൻ പറ്റിയാലും ആൾക്കൂട്ടത്തിന് ലൈംഗിക കുറ്റകൃത്യം ക്ഷമിക്കാൻ പറ്റില്ല. തലേദിവസം വരെ സ്ത്രീകളോടു മോശമായി പെരുമാറിയ ആളായിരിക്കും ചിലപ്പോൾ എറിയാൻ ആദ്യത്തെ കല്ലെടുക്കുക. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറയാൻ നമുക്കിടയിൽ അപ്പോൾ ഒരു യേശുക്രിസ്തു ഉണ്ടാവില്ല. ഓരോരുത്തരും എറിയാൻ ഏറ്റവും മുനയുള്ള കല്ലുകൾ തന്നെ തിരഞ്ഞെടുക്കും. ഇനി ഒരിക്കലും അയാൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തിനോക്കാൻ പോലും പറ്റാത്ത വിധം ആക്രമിക്കപ്പെടും. ഒപ്പം അയാളുടെ ബന്ധുമിത്രാദികൾ അടക്കം അപമാനിക്കപ്പെട്ടും. ഒരുതരം മരണ ശിക്ഷ വിധിക്കുന്നതിന് തുല്യമാണത്.

അതെ സോഷ്യൽ ബോയ് കോട്ടിംഗ് ഒരുതരം മരണമാണ്. ഒരാളെ കൊല്ലുകയോ അയാളെ സോഷ്യൽ ബോയ്കോട്ട് ചെയ്യുകയോ അയാൾ ഇനി സോഷ്യൽ മീഡിയയിൽ എത്താത്തവണ്ണം അയാളെ പുറത്താക്കുകയോ ഒന്നും എന്റെ ആവശ്യമല്ല. ആവശ്യം, തെറ്റ് മനസിലാക്കുകയും നിരുപാധികം ക്ഷമ ചോദിക്കുകയും ചെയ്യുക എന്നതായിരുന്നു. അയാൾ അത് അംഗീകരിക്കുകയും ചെയ്തു. ഇതിൽ അയാളുടെ ചില സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും എല്ലാവിധ പിന്തുണയും ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ആ വ്യക്തിയോട് പൊറുക്കുകയും ചെയ്തു.

ഇനി മറ്റൊരാളിലേക്കും ഇത്തരം വികല ചിന്തയുമായി കടന്നുകയറാൻ അയാൾ ശ്രമിക്കാതിരിക്കട്ടെ. ഇതൊരു മാതൃകാപരമായ രീതിയാണെന്നോ എല്ലാവരും അങ്ങനെ ചെയ്യണം എന്നോ ഒന്നും ആവശ്യപ്പെടുന്നില്ല. തെറ്റിന്റെ സാന്ദ്രതയനുസരിച്ച് ഇരയാക്കപ്പെട്ട ആളുടെ ട്രോമാ അനുസരിച്ച് തീരുമാനിക്കാവുന്നതാണ്. എന്‍റെ ചിന്തയിൽ എനിക്കിതാണ് ശരി. ഇത് തന്നെയാണ് ഞാൻ ജീവിച്ച് കൊണ്ടിരിക്കുന്ന, മുന്നോട്ടുവെക്കുന്ന എൻ്റെ രാഷ്ട്രീയം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News