'ലൈറ്റ് ഓഫ് മിഹ്‌റാബ്': സമസ്ത കാംപയിനിന് തുടക്കം

മഹല്ലുകളിൽ മതനിരാസ പ്രവണതകളെയും യുക്തിവാദ-സ്വതന്ത്രചിന്തകളെയും പ്രതിരോധിക്കുക, ആത്മീയ-അവകാശബോധം വളർത്തുക തുടങ്ങിയവയാണ് കാംപയിൻ ലക്ഷ്യങ്ങളെന്ന് 'ലൈറ്റ് ഓഫ് മിഹ്‌റാബ്' സന്ദേശരേഖയിൽ വ്യക്തമാക്കുന്നു

Update: 2021-08-31 15:32 GMT
Editor : Shaheer | By : Web Desk

സമസ്ത പോഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ത്രൈമാസ കാംപയിൻ 'ലൈറ്റ് ഓഫ് മിഹ്‌റാബി'ന് തുടക്കം. സമസ്ത മലപ്പുറം ജില്ലാ കാര്യാലയമായ സുന്നി മഹലിൽ നടന്ന ചടങ്ങിൽ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മിഹ്‌റാബിൽനിന്ന് പഴയകാലത്തെപ്പോലെ ഇനിയും ആത്മീയപ്രകാശമുണ്ടാകണമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. മഹല്ല് നേതൃത്വവും പണ്ഡിതന്മാരും നന്നായാൽ ആളുകൾ മുഴുവൻ നന്നാവും. അവരെ ഉത്ബുദ്ധരാക്കാനാണ് കാംപയിൻ സംഘടിപ്പിക്കുന്നതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

സമസ്തയുടെ കീഴിലുള്ള സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനും സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാഉം സംയുക്തമായാണ് ത്രൈമാസ കാംപയിൻ സംഘടിപ്പിക്കുന്നത്. മഹല്ലുകളിൽ മതനിരാസ പ്രവണതകളെയും യുക്തിവാദ-സ്വതന്ത്ര ചിന്തകളെയും പ്രതിരോധിക്കുക, ആത്മീയ-അവകാശബോധം വളർത്തുക തുടങ്ങിയവയാണ് ലക്ഷ്യങ്ങളെന്ന് കാംപയിനിന്റെ ഭാഗമായി പുറത്തിറക്കിയ 'ലൈറ്റ് ഓഫ് മിഹ്‌റാബ്' സന്ദേശരേഖയിൽ വ്യക്തമാക്കുന്നുണ്ട്.

Advertising
Advertising

അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകൾ ദൈവനിഷേധികളാണെന്നും യുക്തിവാദം, കമ്മ്യൂണിസം എന്നിവപോലെ മതവിശ്വാസത്തെ ബാധിക്കുന്ന അപകടങ്ങൾ വ്യാപകമാകുന്നത് അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും സന്ദേശരേഖയിൽ പറയുന്നുണ്ട്. വിശ്വാസമാണ് ആശ്വാസം, ആത്മീയതയാണ് പരിഹാരം, ഉലമാ-ഉമറാ കരുത്തും കരുതലും, ചരിത്ര ധ്വംസനത്തിനെതിരെ ജാഗ്രതയോടെ, യുക്തിവാദം-നിരീശ്വരവാദം-സ്വതന്ത്രചിന്ത, കമ്മ്യൂണിസം എന്നീ വിഷയങ്ങളാണ് സന്ദേശരേഖയിൽ പ്രത്യേക തലക്കെട്ടുകൾക്കുകീഴിൽ വിശദീകരിക്കുന്നത്.

സന്ദേശരേഖ സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രകാശനം ചെയ്തു. സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News