മെസ്സിയുടെ പേരിൽ തട്ടിപ്പ്; എസ്ഐടി അന്വേഷണത്തിന് സർക്കാർ

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് നിർദേശം നൽകി

Update: 2026-08-31 11:52 GMT

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കുന്നു. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിന് പിന്നാലെ അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട കരാറുകൾ മുതൽ മുഴുവൻ സാമ്പത്തിക ഇടപാടുകളും സംഘം വിശദമായി പരിശോധിക്കും.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലാണ് ഇപ്പോൾ സർക്കാരിന്റെ കർശന നടപടി. മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ സാമ്പത്തിക കരാറുകൾ, പണം കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ. ജിഎസ്ടി വെട്ടിപ്പ് ഉൾപ്പെടെയുള്ളവ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ വിദേശ നാണയ വിനിമയ ചട്ടം (FEMA) ചുമത്താൻ പര്യാപ്തമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ.

Advertising
Advertising

സർക്കാർ സംവിധാനങ്ങളെ അടക്കം മറയാക്കി കൊണ്ടാണ് വലിയ രീതിയിലുള്ള തട്ടിപ്പ് അരങ്ങേറിയതെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. അതിനാൽ സർക്കാരിന് ഏതെങ്കിലും തരത്തിൽ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കരാറിലെ വീഴ്ചകൾ, പണമിടപാടുകളിലെ സുതാര്യതയില്ലായ്മ, നികുതി വെട്ടിപ്പ് തുടങ്ങി പ്രഖ്യാപനം മുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കും. അന്വേഷണ സംഘത്തിൽ ആരൊക്കെയുണ്ടാകണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തന്നെ ആഭ്യന്തര വകുപ്പിന്റെ തീരുമാനമുണ്ടാകും. സൈബർ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടാകും സംഘം രൂപീകരിക്കുക.

സംസ്ഥാന സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിനൊടുവിൽ കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറാനാണ് സാധ്യത. സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളും വിദേശ പണമിടപാടിലെ നിയമലംഘനവും സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാൽ തുടർനടപടികൾക്കായി അന്വേഷണ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് ഔദ്യോഗികമായി കൈമാറും. നേരത്തെ, തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്ന ഘട്ടത്തിൽ തന്നെ ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിവാദങ്ങളിൽ റിപ്പോർട്ടർ മാനേജ്മെന്റ് നൽകിയ വിശദീകരണങ്ങളിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് വരുംദിവസങ്ങളിൽ അന്വേഷണം കൂടുതൽ കടുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

മുൻ സർക്കാരിന്റെ കാലത്ത് അന്നത്തെ കായിക മന്ത്രി വി.അബ്ദുറഹ്മാനാണ് 2025ൽ മെസ്സിയും സംഘവും കേരളത്തിൽ വരുമെന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ ഈ ഇടപാടുകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഈ മാസം 12ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. സുതാര്യമല്ലാത്ത രീതിയിലാണ് മുഖ്യ സ്പോൺസറെ തിരഞ്ഞെടുത്തതെന്നും ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നികുതി വെട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചത്.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News